pho
ഇന്നലെ പുനലൂർ ടൗണിലെ വൈദേഹി ജംഗ്ഷനിൽ അനുഭവപ്പെട്ട വാഹനങ്ങളുടെ തിരക്ക്

21 വാഹനങ്ങൾ പിടികൂടി

പുനലൂർ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിലും പുനലൂരിൽ ജനത്തിരക്കേറുന്നു. കൊല്ലം ജില്ലയിൽ ഇന്നലെ മുതൽ ലോക്ക് ഡൗൺ ഇളവുണ്ടെന്ന ധാരണയിലാണ് വാഹനങ്ങളുമായി ജനങ്ങൾ ടൗണിലെത്തിയത്. ഇതിൽ നിയന്ത്രണം ലംഘിച്ചെത്തിയ 21പേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന 21 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ടൗണിലൂടെ കടന്ന് പോകുന്ന ദേശീയ പാതയിലെ കെ.എസ്.ആർ.ടി.സി, വൈദേഹി, പോസ്റ്റ് ഓഫീസ്, ടി.ബി ജംഗ്ഷനുകൾ, കച്ചേരി റോഡ് എന്നിവിടങ്ങളിലാണ് വാഹനത്തിരക്ക് അനുഭവപ്പെട്ടത്. പുനലൂർ താലൂക്ക് ആശുപത്രി, ബാങ്ക്, മാർക്കറ്റ്, മെഡിക്കൽ സ്റ്റോർ, പലചരക്ക് കടകൾ തുടങ്ങിയവിടങ്ങളിൽ നല്ല തിരക്കനുഭവപ്പെട്ടു. ഇന്നലെ ഇരു ചക്രവാഹന യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചിരുന്നു.

താലൂക്ക് ആശുപത്രിയിൽ തിരക്ക്

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ഏറ്റവും കൂടുതൽ രോഗികൾ ഒ.പിയിൽ എത്തിയത് ഇന്നലെയായിരുന്നു. 1000ത്തോളം രോഗികളാണ് ഇന്നലെ ചികിത്സ തേടിയെത്തിയത്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് 3000ൽ അധികം രോഗികൾ ഒരു ദിവസം ഒ.പിയിൽ എത്തിയിരുന്നു. നിറുത്തി വെച്ചിരുന്ന കുട്ടികൾ, ഗർഭിണികൾ എന്നിവരുടെ കുത്തിവയ്പ്പുകൾ ഇന്നലെ മുതൽ പുനരാരംഭിച്ചതാണ് ആശുപത്രിയിൽ വൻ തിരക്ക് അനുഭവപ്പെട്ടാൻ കാരണം.

ഒ.പി ടിക്കറ്റ് എടുക്കാൻ നീണ്ട ക്യൂ

പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ഒ.പി ടിക്കറ്റ് എടുക്കാൻ ഇന്നലെ മണിക്കൂറുകളോളം രോഗികൾ ക്യൂ നിൽക്കേണ്ടി വന്നു. ഇതിൽ ഗർഭിണികൾ അടക്കം ഭൂരിഭാഗം പേരും മാസ്ക് ധരിക്കാതെയാണ് എത്തിയത്. എന്നാൽ ടൗണിൽ എത്തിയവരിൽ ഏറെപ്പേരും മാസ്ക് ധരിച്ചിരുന്നു. എന്നാൽ ടൗണിന്റെ എല്ലാ ഭാഗങ്ങളിലും കർശന വാഹന പരിശോധനയാണ് നടന്നത്. നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങളുമായെത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.