കൊട്ടിയം: ലോക്ക് ഡൗൺ കാലത്ത് വിശ്രമമില്ലാതെ നിരത്തുകളിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കായി കൊട്ടിയത്തെ മാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയുടെ സഹകരണത്തോടെ പൊലീസുകാരും ഉദ്യോഗസ്ഥരും ഡ്യൂട്ടി നോക്കുന്ന സ്ഥലത്തെത്തി പരിശോധനയും മരുന്ന് വിതരണവും നടത്തി.
കൊട്ടിയം ജംഗ്ഷനിൽ ചാത്തന്നൂർ എ.സി.പി ജോർജ് കോശിയെ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ക്യാമ്പ് തുടങ്ങിയത്. കൊട്ടിയം സി.ഐ ദിലീഷ്, എസ്.ഐ അനിൽ എന്നിവരും പങ്കെടുത്തു. തുടർന്ന് കണ്ണനല്ലൂർ, ഡീസന്റ് മുക്ക്, അയത്തിൽ, പള്ളിമുക്ക്, മേവറം എന്നിവിടങ്ങളിലും പരിശോധന നടന്നു. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവ പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.
കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ ഡോക്ടർമാരായ ആതുരദാസ്, ആദർശ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ഷെറിൻ, സിസ്റ്റർ ഗ്ലാഡിസ്, ആശുപത്രി പി.ആർ.ഒ രാജീവ്, നഴ്സിംഗ് ജീവനക്കാരായ ബിനോയ്, സ്മിത, മുകേഷ്, അരുൺ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
മാദ്ധ്യമ പ്രവർത്തകരായ ഡി.വി. ഷിബു, അരുൺ, ഉമയനല്ലൂർ മോഹൻ, പട്ടത്താനം സുനിൽ, വിൽസൻ, നജിമുദ്ദീൻ മുള്ളുവിള, രാഗം രാധാകൃഷ്ണൻ, വിഷ്ണു, സണ്ണി, അരുൺ ചാത്തന്നൂർ, അനിൽ ഈണം, അശോകൻ, അരുൺ എന്നിവർ വിവിധ സ്ഥലങ്ങളിൽ വൈദ്യ പരിശോധനയ്ക്ക് നേതൃത്വം നൽകി.