ചാത്തന്നൂർ: രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന താഴം കുരയിൽവിളയിലെ പത്തോളം വീടുകളിലെ കിണറുകളിൽ
ക്രമാതീതമായി വെള്ളം പൊങ്ങി. ഇന്നലെ രാവിലെയാണ് വീട്ടുകാർ വെള്ളം ഉയർന്നതായി കണ്ടത്. പ്രദേശത്തെ നിരവധി വീടുകളിലെ കിണറുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
ചരുവിള വീട്ടിൽ സുകുമാരന്റെ വീട്ടിൽ വെള്ളം കിണർ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന അവസ്ഥയിലാണ്. മറ്റ് കിണറുകളിലും അഞ്ച് മുതൽ പത്ത് അടിവരെ ഉയർന്നു. 35 മുതൽ 60 അടി വരെ താഴ്ചയുള്ള കിണറുകളാണ് ഇവ. മഴക്കാലത്ത് പോലും വെള്ളം ഇവിടെ മുപ്പത് അടിയിൽ മുകളിൽ പൊങ്ങിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. കൊടുംചൂടുള്ള സമയമായിട്ടും അടുത്തെങ്ങും തോടുകളോ കനാലുകളോ ഇല്ലാഞ്ഞിട്ടും വെള്ളം പൊങ്ങിയതിൽ ആശങ്കയിലാണ് വീട്ടുകാർ.
ഗ്രാമപഞ്ചായത്ത് അംഗം സുനിതാ മഹേശ്വരൻ സ്ഥലത്തെത്തി വില്ലേജ് അധികൃതരുമായും ഗ്രൗണ്ട് വാട്ടർ അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടു. ബന്ധപ്പെട്ട അധികൃതർ ഇന്ന് സ്ഥലം സന്ദർശിക്കുമെന്ന് അവർ അറിയിച്ചു.