കൊല്ലം: കൊവിഡിനെ തുരത്താൻ ഇടയ്ക്കിടെ കൈകഴുകുമ്പോൾ കൈ അണുവിമുക്തമാകും. എന്നാൽ കൈ കഴുകിയ ശേഷം സ്പർശിക്കുന്ന മൊബൈൽ, പഴ്സ്, പണം, വാച്ച്, ടാബ്ലറ്റ് തുടങ്ങിയ വസ്തുക്കളെ അണുവിമുക്തമാക്കാൻ എൻ.എസ് സഹകരണ ആശുപത്രി 'മൊബിട്ടൈസർ' വികസിപ്പിച്ചു. അൾട്രാവയലറ്റ് രശ്മികൾ കടത്തിവിട്ട് ഈ വസ്തുക്കളെ അണുവിമുക്തമാക്കുന്ന 'മൊബിട്ടൈസർ' എന്ന നൂതന സംവിധാനം രൂപകൽപ്പന ചെയ്തത് ആശുപത്രിയിലെ ഐ.ടി, ബയോമെഡിക്കൽ, ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗം ജീവനക്കാരാണ്.
പാഴ് വസ്തുക്കളും അൾട്രാവയലറ്റ് ട്യൂബുകളും സംയോജിപ്പിച്ചുള്ള ഇതിന്റെ നിർമ്മാണ ചെലവ് 2200 രൂപ മാത്രമാണ്. ടൈമർ സർക്യൂട്ട്, അൾട്രാവയലറ്റ് ട്യൂബ്, ഇൻഡിക്കേഷൻ ലാമ്പ് എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. അലുമിനിയം സെക്ഷനിൽ പാർട്ടിഷൻ ഷീറ്റുള്ള പ്രത്യേക ട്രേയിലാണ് അണുവിമുക്തമാക്കാനുള്ള സാധനങ്ങൾ വയ്ക്കുന്നത്. 60 സെക്കൻഡ് സമയം അൾട്രാവയലറ്റ് രശ്മികൾ കടത്തി വിടും. അത് കഴിയുമ്പോൾ ഓട്ടോമാറ്റിക്കായി ട്രേ തുറക്കും. തുടർന്ന് സാധനങ്ങൾ പുറത്തെടുത്ത് ഉടമസ്ഥർക്ക് നൽകും. ആശുപത്രിയിൽ ഹാൻഡ്വാഷ് കൗണ്ടറിന് സമീപമാണ് 'മൊബിട്ടൈസർ' സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സേവനം സൗജന്യമാണ്. ഇന്ത്യയിൽ തന്നെ ആദ്യസംരംഭമാണിത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഹാൻഡ് വാഷും സോപ്പ് ഡിഷും, എൻഡോസ്കോപ്പി ഷീൽഡ്, ഇന്റബേഷൻ ഷീൽഡ്, ക്ലോത്ത് പി.പി.ഇ., ഒ.എച്ച്.പി ഫേസ് മാസ്ക് തുടങ്ങീ വൈറസ് പ്രതിരോധ സംവിധാനങ്ങൾ സംസ്ഥാനത്ത് ആദ്യം സ്വന്തം നിലയിൽ നിർമ്മിച്ച എൻ.എസ് ആശുപത്രിയാണ്.
'മൊബിട്ടൈസറിന്റെ സാങ്കേതിക വിദ്യ ആർക്കും കൈമാറാൻ തയ്യാറാണെന്നും പൊതുസ്ഥലങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ചെലവ്കുറഞ്ഞ ഈ രീതി ഒരുക്കുന്നതോടെ വൈറസ് വ്യാപനം തടയാനാകുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.