പുനലൂർ: അരിപ്പ ഭൂസമര ഭൂമിയിൽ ഏഴ് വർഷമായി താമസിച്ചുവരുന്ന കുടുംബങ്ങൾക്ക് ലോക്ക് ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച റേഷൻ സാധനങ്ങൾ നൽകിയില്ലെന്നാരോപിച്ച് ഏകത പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കൾ പുനലൂർ താലൂക്ക് സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്തി. റേഷൻ കാർഡില്ലാത്ത 135 ഓളം കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യങ്ങൾ നൽകാൻ അധികൃതർ തയ്യാറാകാതിരുന്നത്. ഇവർക്ക് റേഷൻ സാധനങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ ഏകത പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വടകോട് മോനച്ചന്റെ നേതൃത്വത്തിൽ നേതാക്കൾ താലൂക്ക് സപ്ലൈ ഓഫീസറെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു.എന്നാൽ ഇവർക്ക് റേഷൻ വിതരണം നൽകിയെന്ന് പറഞ്ഞ് ഓഫീസർ ഒഴിഞ്ഞു മാറി. തുടർന്നാണ് പുറത്തിറങ്ങിയ നേതാക്കൾ ഓഫീസിന് മുന്നിൽ സത്യാഗ്രഹം ഇരുന്നത്. തുടർന്ന് പുനലൂർ പൊലീസ് സ്ഥലത്തെത്തി. സമരക്കാരും താലൂക്ക് സപ്ലൈ ഓഫീസറുമായി ചർച്ച നടത്തി. 101കുടുംബങ്ങൾക്ക് റേഷൻ അരി നൽകിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ജോൺ തോമസ് അറിയിച്ചു. റേഷൻ കാർഡ് അടക്കമുള്ള രേഖകൾ ഇല്ലാത്തവരുടെ ലിസ്റ്റ് നൽകിയാൽ ഉടൻ റേഷൻ സാധനങ്ങൾ നൽകാം എന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് വി. രാജൻ പിളള, ജില്ലാ സെക്രട്ടറിമാരായ ബിന്ദുസാബു മാമൻ, അലക്സ് മാമ്പുഴ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സത്യാഗ്രഹം സംഘടിപ്പിച്ചത്.