കരുനാഗപ്പള്ളി: ആലുംകടവിൽ അരനൂറ്രാണ്ടിന് മുമ്പ് വാട്ടർ അതോറിറ്റി നിർമ്മിച്ച അപകടഭീഷണി ഉയർത്തുന്ന വാട്ടർ ടാങ്ക് പൊളിച്ച് നീക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. വാട്ടർ ടാങ്കിന് സമീപത്തായി നിരവധി കടകൾ പ്രവർത്തിക്കുന്നുണ്ട്. വാട്ടർ ടാങ്കിനോട് ചേർന്നുള്ള ഓഫീസും തകർച്ചയുടെ വക്കിലാണ്. 6 കോൺക്രീറ്റ് തൂണുകളിലാണ് കൂറ്രൻ വാട്ടർ ടാങ്ക് പണിതുയർത്തിയിരിക്കുന്നത്. കോൺക്രീറ്റ് തൂണുകളിലെ സിമന്റ് ഇളകി കമ്പികൾ പുറത്ത് കാണാവുന്ന അവസ്ഥയിലാണ്. ഒരു സമയം 60000 ലിറ്റർ കുടിവെള്ളം സംഭരിക്കാൻ ശേഷിയുള്ളതാണ് വാട്ടർ ടാങ്ക്. കുഴൽക്കിണറിൽ നിന്ന് വെള്ളം ആദ്യം വാട്ടർ ടാങ്കിൽ സംഭരിച്ച ശേഷമാണ് വിതരണം ചെയ്തിരുന്നത്. കോഴിക്കോട്, പണിക്കർകടവ്, തുറയിൽകുന്ന്, ആലുംകടവ്, ആലുംതറ ജംഗ്ഷൻ, മരുതൂർക്കുളങ്ങര, കാക്കത്തുരുത്ത് തുടങ്ങിയ ഭാഗങ്ങളിൽ കുടിവെള്ളം എത്തിയിരുന്നത് ഈ വാട്ടർടാങ്കിൽ നിന്നായിരുന്നു. കുഴൽ കിണറിൽ നിന്നും കുടിവെള്ളം വാട്ടർ ടാങ്കിൽ സംഭരിച്ച ശേഷം പിന്നീട് നേരിട്ട് പൈപ്പിലേക്ക് തുറന്ന് വിടും.
ഓഫീസ് കെട്ടിടവും അപകടത്തിൽ
വാട്ടർ ടാങ്കിനോട് ചേർന്നാണ് ഓഫീസ് കെട്ടിടം പ്രവർത്തിക്കുന്നത്. ഓഫീസിന് രണ്ട് മുറികൾ ഉണ്ട്. ഒന്നിൽ ബ്ലീച്ചിംഗ് പൗഡറും ഉപകരണങ്ങളും സൂക്ഷിച്ചിരിക്കുന്നു. അടുത്ത മുറി പമ്പ് ഓപ്പറേറ്ററുടെ ഇരിപ്പിടമാണ്. ഓഫീസ് മുറിയുടെ കോൺക്രീറ്റ് പാളിപാളിയായി ഇളകി വീഴാൻ തുടങ്ങിയിട്ട് വർഷങ്ങളാവുന്നു. ഏത് സമയവും ഓഫീസ് നിലം പൊത്താവുന്ന സ്ഥിതിയിലാണ്. അപകട ഭീഷണി ഉയർത്തുന്ന വാട്ടർ ടാങ്കും ഓഫീസ് കെട്ടിടവും പൊളിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
6 കോൺക്രീറ്റ് തൂണുകളിലാണ് കൂറ്രൻ വാട്ടർ ടാങ്ക് പണിതുയർത്തിയിരിക്കുന്നത്.
60000 ലിറ്റർ കുടിവെള്ളം സംഭരിക്കാൻ ശേഷിയുണ്ട്
വെള്ളം സംഭരിച്ചിട്ട് 10 വർഷം
ബലക്ഷയം സംഭവിച്ചതോടെ കഴിഞ്ഞ 10 വർഷമായി വാട്ടർ ടാങ്കിൽ വെള്ളം സംഭരിക്കാറില്ല. വെള്ളത്തിന്റെ ഭാരവും മർദ്ദവും താങ്ങാനുള്ള ശേഷി നിലവിൽ ടാങ്കിനില്ലെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ഒരിക്കൽ പോലും വാട്ടർ അതോറിറ്റി വാട്ടർ ടാങ്കിലും ഓഫീസ് കെട്ടിടത്തിലും അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അപകട ഭീഷണി ഉയർത്തുന്ന ആലുംകടവിലെ വാട്ടർ ടാങ്ക്. വാട്ടർ ടാങ്കിൽ വെള്ളം സംഭരിക്കാൻ കഴിയാത്തതാണ് തീരപ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണം