കൊല്ലം: പകൽ താപനില ഉയർന്ന സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ ജനങ്ങളും കൊവിഡ് നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ നിർദ്ദേശം നൽകി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• ധാരാളം ശുദ്ധജലം കുടിക്കുക. ചായ, കാപ്പി, മദ്യം തുടങ്ങിയവ നിർജ്ജലീകരണം വർദ്ധിപ്പിക്കുന്നവയാണ്.
• വീട്ടിലും മുറികളിലും വായൂസഞ്ചാരം ഉറപ്പാക്കുക.
• അടച്ചുപൂട്ടലിനെത്തുടർന്ന് വീട്ടിലിരിക്കുന്നവർ പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്ത് വെയിലേൽക്കുന്നത് ഒഴിവാക്കുക. ലോക്ക് ഡൗൺ കഴിഞ്ഞാലും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. സൂര്യാതപം തടയാൻ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. ഇളം നിറത്തിലുളള വസ്ത്രങ്ങളാണ് അഭികാമ്യം.
• പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിക്കുക. പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾപ്പെടുത്തുക.
• പകൽ ജോലി ചെയ്യുന്നവർ, സാമൂഹിക അടുക്കള സംഘാടകർ, തൊഴിലാളികൾ, പൊലീസ്, തൊഴിലുറപ്പ് , ആരോഗ്യപ്രവർത്തകർ എന്നിവർക്ക് സൂര്യതാപം ഏൽക്കാനുള്ള സാദ്ധ്യത കൂടുതലായതിനാൽ അവർ സൺ സ്ക്രീൻ ലോഷനുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.
• പനി, തലവേദന, ചുടുകുരു എന്നീ ലക്ഷണങ്ങളോ ശരീരം ചുട്ടുപൊള്ളുന്നതായി അനുഭവപ്പെടുകയോ ചെയ്താൽ വേഗം തണലിലേക്ക് മാറുക, നനഞ്ഞ തുണി കൊണ്ട് പൊള്ളലേറ്റ ഭാഗം തുടയ്ക്കുക. പെട്ടെന്ന് വൈദ്യസഹായം തേടുക