കൊല്ലം: ഐസൊലേഷൻ വാർഡിലേക്ക് മാറണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. സ്വകാര്യ എയർലൈൻസിൽ ക്യാബിൻ ക്രൂവായി ജോലി നോക്കുന്ന പത്തനാപുരം വടക്കേക്കര മാലൂർ സ്വദേശിയായ യുവാവാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ശനിയാഴ്ച രാത്രിയാണ് കോഴിക്കോട് നിന്ന് ഇയാൾ നാട്ടിലെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജീവനക്കാരെത്തി ഐസൊലേഷൻ വാർഡിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു.
താൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് വന്നതെന്ന് പറഞ്ഞ് ആശാ വർക്കർമാരെ ഇയാൾ തിരിച്ചയച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന രീതിയിൽ ഇവർക്ക് ഒരു ഫോൺ കോൾ വരികയും യുവാവിനെ ഐസൊലേഷനിൽ വിടേണ്ടെന്ന് പറയുകയും ചെയ്തു.
ഫോൺകാൾ തട്ടിപ്പാണെന്ന് മനസിലാക്കിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും യുവാവിന്റെ വീട്ടിലെത്തി ഐസൊലേഷൻ വാർഡിൽ പോകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ യുവാവ് വീടിന് മുകളിൽ കയറി ആത്മമഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ ഉയർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി യുവാവിനോട് വീടിന് പുറത്തിറങ്ങാതെ നിരീക്ഷണത്തിൽ കഴിയാൻ പറഞ്ഞതോടെയാണ് പ്രശ്നം അവസാനിച്ചത്.