v
പൊലീസ് നിയന്ത്രണങ്ങളിൽ ഇളവില്ല: അനാവശ്യ യാത്രകൾക്ക് പിടിവീഴും

 വാഹനം പിടിച്ചെടുക്കും കേസിൽ പ്രതിയാകും

 ഇളവ് വേണ്ടെന്ന് ജില്ലാ മേധാവിമാരുടെ നിർദേശം

കൊല്ലം: ഓറഞ്ച് എ സോണിൽ ഉൾപ്പെടുന്ന കൊല്ലത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതുവരെ പൊലീസ് നിയന്ത്രണങ്ങളിൽ ഇളവുണ്ടാകില്ല. അനാവശ്യ യാത്രകൾ നടത്തി സാമൂഹിക അകലം ലംഘിച്ച് നിരത്തിൽ തിരക്കുണ്ടാക്കുന്നവരെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവിമാർ കർശന നിർദേശം നൽകി.

ഓറഞ്ച് ബി സോണിൽ ഉൾപ്പെട്ട സമീപ ജില്ലകളായ ആലപ്പുഴയിലും തിരുവനന്തപുരത്തും ഇളവുകൾ വന്നതോടെ ഇവിടെയും പലരും വാഹനങ്ങളുമായി നിരത്തിലിറങ്ങാൻ തുടങ്ങി. ഇതോടെ ജില്ലാ അതിർത്തികളിൽ കൂടുതൽ നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തി. ജില്ലാ അതിർത്തികളിലെ പ്രധാന റോഡുകളിലാണ് പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധന നടത്തുന്നത്. ഇതോടെ ഇടറോഡുകളിലൂടെ പെരുകിയ നിയമലംഘനം തടയാൻ എല്ലാ വഴികളിലും പരിശോധന നടത്തുകയാണ്.

യാത്രയുടെ കാരണം വ്യക്തമാക്കുന്ന സത്യവാങ്മൂലം, പൊലീസ് നൽകുന്ന ഓൺലൈൻ പാസ് എന്നിവയില്ലാതെ യാത്ര ചെയ്യുന്നവരുടെ വാഹനം പിടിച്ചെടുത്ത് പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ കേസെടുക്കും. കാഴ്ച കാണാൻ ഓരോ കാരണങ്ങളുണ്ടാക്കി സത്യവാങ്മൂലവുമായി റോഡിലിറങ്ങുന്നവരെ കർശനമായി തിരിച്ചയയ്ക്കും. സാഹചര്യം മുതലെടുത്ത് കുടുംബസമേതം കാഴ്ച കാണാൻ ഇറങ്ങുന്നവരുടെ എണ്ണം കൂടിയതോടെയാണ് പൊലീസ് നടപടികൾ കടുപ്പിച്ചത്.

ആൾക്കൂട്ടം സൃഷ്‌ടിക്കരുത്

അയൽ ജില്ലകളിലെ ലോക്ക് ഡൗൺ ഇളവുകളുടെ മറപിടിച്ച് നിയമലംഘനങ്ങൾ ജില്ലയിൽ പെരുകി. സംഘം ചേർന്നുള്ള പ്രഭാത- സായാഹ്ന സവാരി, വൈകുന്നേരങ്ങളിലെ ഫുട്ബാൾ- ക്രിക്കറ്റ് മത്സരങ്ങൾ, ചായക്കട ചർച്ചകൾ എന്നിവ ഗ്രാമ - നഗര ഭേദമില്ലാതെ തിരികെവന്നു. ഏത് തരത്തിലുള്ള ലോക്ക് ഡൗൺ ലംഘനമുണ്ടായാലും അറസ്റ്റ് വൈകിപ്പിക്കേണ്ടെന്നാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകിയിരിക്കുന്ന നിർദേശം.

''

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചാൽ പൊലീസ് ഇടപെടും. സത്യവാങ്മൂലം, പൊലീസ് അനുവദിക്കുന്ന ഓൺലൈൻ പാസ് എന്നിവ ഇല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകും.

ടി.നാരായണൻ,

കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ

''

ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

എസ്.ഹരിശങ്കർ,

കൊല്ലം റൂറൽ എസ്.പി