മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
കൊല്ലം: ലോക്ക് ഡൗൺ നിയമംലംഘനങ്ങൾ ജില്ലയിൽ വർദ്ധിച്ചതോടെ സാമൂഹിക അകലം പാലിച്ചേ മതിയാകൂ എന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ഒരാഴ്‌ചയിലേറെയായി ജില്ലയിലെ നിരത്തുകളിൽ തിരക്കൊഴിഞ്ഞ നേരമില്ല. പ്രധാന പാതകളിൽ ഗതാഗതകുരുക്ക് വരെ രൂപപ്പെട്ടു. കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും എണ്ണം നിരത്തിൽ ഏറുകയാണ്. ആലപ്പുഴയിലും തിരുവനന്തപുരത്തും ലോക്ക് ഡൗൺ ഇളവുകൾ വന്നതിന് പിന്നാലെ കൊല്ലത്തും അനാവശ്യ യാത്രികരുടെ എണ്ണം വർദ്ധിക്കുന്നത് തിരിച്ചറിഞ്ഞ് ഇടറോഡുകളിലടക്കം പൊലീസ് പരിശോധന ശക്തമാണ്. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളെയാകെ അത് ബാധിക്കുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ. സർക്കാർ ഇളവുകൾ പ്രഖ്യാപിക്കും മുൻപ് കൂട്ടത്തോടെ പുറത്തേക്കിറങ്ങിയാൽ ലോക്ക് ഡൗണിന്റെ ലക്ഷ്യങ്ങൾ അട്ടിമറിക്കപ്പെടും. ജില്ലയിലെ അവശ്യ സർവീസുകളുടെ ഭാഗമായ സർക്കാർ ഓഫീസുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 80 ശതമാനത്തിലേറെ വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാം അടഞ്ഞ് കിടക്കുകയാണ്. എന്നിട്ടും നിരത്തിലെ തിരക്കൊഴിയാത്തതിന് കാരണം ലോക്ക് ഡൗൺ കാഴ്ചകൾ കാണാൻ ഇറങ്ങുന്നവരാണെന്ന കാര്യത്തിൽ ആരോഗ്യ - പൊലീസ് വകുപ്പുകൾക്കും ജില്ലാ ഭരണകൂടത്തിനും തർക്കമില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടവും നിർദ്ദേശിച്ചിരുന്നു.
പ്രതിരോധ സംവിധാനങ്ങൾ അട്ടിമറിക്കരുത്
സാമൂഹിക അകലം പാലിച്ച് മാത്രമേ കൊവിഡിനെ പ്രതിരോധിക്കാനാകൂ. അതിനായാണ് രാജ്യത്തിന്റെ സാമ്പത്തിക നില അപ്പാടെ താളം തെറ്റിയിട്ടും ലോക്ക് ഡൗൺ തുടരുന്നത്. ഗൗരവം ഉൾക്കൊള്ളാതെ കൈക്കുഞ്ഞളുമായാണ് പലരും സൂപ്പർ മാർക്കറ്റുകളിലെത്തുന്നത്. ഒരു കവർ പാലിനായി കാറിൽ കുടുംബ സമേതം എത്തുന്നവർ വരെയുണ്ടെന്നാണ് സൂപ്പർ മാർക്കറ്റ് ജീവനക്കാർ പറയുന്നത്. ഇത്തരക്കാർ രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയാകെ ഇല്ലാതാക്കുകയാണ്.
''
സർക്കാർ നിർദേശം ഇല്ലാതെ പുറത്തിറങ്ങുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കാതെ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിലിരിക്കണം.
ആരോഗ്യ വകുപ്പ് അധികൃതർ