കൊല്ലം: തമിഴ്നാട്ടിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിയായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ ഒപ്പം പോയ,​ ഒരുമിച്ചു താമസിച്ചിരുന്ന യുവാവിന്റെ അമ്മാവന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. യുവാവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിൽ പ്രവേശിപ്പിച്ചു. അമ്മാവനെ ഇവിടെ നിരീക്ഷണത്തിലാക്കി.

തമഴ്‌നാട് പൊലീസ്‌ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കണ്ടെത്താനായത്. മാർച്ച് 19ന് യുവാവിന്റെ അമ്മയുടെ മൂത്ത സഹോദരൻ മരിച്ചിരുന്നു. അമ്മയ്ക്കൊപ്പം തമിഴ്നാട് പുളിയംകുടിയിലെ മരണവീട്ടിൽ പോയശേഷം യുവാവ് മാത്രം രണ്ടു ദിവസംകഴിഞ്ഞ് മടങ്ങിയെത്തി. ഏപ്രിൽ 5ന് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അമ്മാവനൊപ്പം പോയി. അടുത്ത ദിവസം ഇരുവരും മടങ്ങിയെത്തി. ലോക്ക്‌ഡൗണായതിനാൽ ചരക്ക് വാഹനങ്ങൾ മാത്രമാണ് അതിർത്തിക്കപ്പുറത്തേക്ക് കടത്തിവിട്ടിരുന്നത്. ഇരുവരും പച്ചക്കറി ലോറിയിൽ തൊഴിലാളികളെന്ന വ്യാജേന കടന്നുകൂടിയാണ് തമിഴ്നാട്ടിലെത്തിയത്. തിരച്ച് അതിർത്തിവരെ ചരക്കുലോറിയിൽ വന്നശേഷം വനത്തിലൂടെയുള്ള രഹസ്യവഴിയിലൂടെയാണ് വീട്ടിലെത്തിയത്. ചെറിയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ആളാണ് യുവാവെന്ന് പ്രദേശവാസികൾ പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് മടങ്ങിയെത്തിയ ശേഷം യുവാവ് വീട്ടിൽ നിന്ന് കാര്യമായി പുറത്തിറങ്ങിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അമ്മാവൻ നിരവധിപേരുമായി ഇടപെട്ടിട്ടുണ്ട്.

സംസ്കാരത്തിൽ പങ്കെടുത്ത

18 പേർക്ക് കൊവിഡ്

തമിഴ്നാട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പങ്കെടുത്ത മറ്റുള്ളവരുടെ വിവരങ്ങൾ തമിഴ്നാട് ആരോഗ്യവകുപ്പ് ശേഖരിച്ചു. ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ രണ്ട് മലയാളികളുടെ വിവരങ്ങൾ തെങ്കാശി എസ്.പി കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി. തുടർന്ന് യുവാവിനെയും അമ്മാവനെയും കുളത്തൂപ്പുഴ മെറ്റേണിറ്റി ആശുപത്രിയോട് ചേർന്നു സജ്ജമാക്കിയ ഐസൊലേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും സ്രവ പരിശോധനാ ഫലം ഇന്നലെയാണ് പുറത്തുവന്നത്. തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യവകുപ്പ് യുവാവിന്റെ വിശദമായ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്.