c
പുതിയ കൊവിഡ് പോസിറ്റീവ്: ഗ്രീൻ സോൺ സ്വപ്നത്തിന് തിരിച്ചടി

 ജില്ലയിൽ രോഗബാധിതരുടെ എണ്ണം ആറായി

കൊല്ലം: പുതിയ രോഗബാധ ഇല്ലാതിരിക്കുകയും നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാവുകയും ചെയ്ത സാഹചര്യത്തിൽ ഗ്രീൻ സോൺ സ്വപ്നം കണ്ട ജില്ലയ്ക്ക് തിരിച്ചടിയായി പുതിയ കൊവിഡ് പോസിറ്റീവ് കേസ്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ആറായി ഉയർന്നു. തമിഴ്നാട്ടിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത് ജില്ല ഇന്നലെ ഞെട്ടലോടെയാണ് കേട്ടത്.

വിവരങ്ങൾ പൂർണമായും

വെളിപ്പെടുത്താതെ യുവാവ്

രോഗം സ്ഥിരീകരിച്ച യുവാവ് തന്റെ സമ്പർക്ക വിവരങ്ങൾ പൂർണമായും വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവരങ്ങൾ ആരാഞ്ഞപ്പോൾ തമിഴ്നാട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയില്ലെന്നാണ് യുവാവ് പറഞ്ഞത്. പിന്നീട് യുവാവിന്റെ തമിഴ്നാട്ടിലുള്ള അമ്മയെ ഫോണിൽ ബന്ധപ്പെട്ടാണ് അവിടെ എത്തിയിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചത്.

പഴം കൊണ്ടുവന്ന ലോറിയിൽ തെന്മലയിൽ എത്തിയ ശേഷം അവിടെ നിന്ന് റോഡ് മാർഗം നടന്നാണ് വീട്ടിലെത്തിയതെന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ റെയിൽവേ ലൈനിനോട് ചേർന്നുള്ള രഹസ്യവനപാതയിലൂടെയാണ് വന്നതെന്ന അമ്മാവന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആ വഴി ഇന്നലെ പൊലീസും വനംവകുപ്പും ചേർന്ന് അടച്ചു. കഞ്ചാവ് അടക്കമുള്ള ലഹരി പദാർത്ഥങ്ങൾക്ക് അടിമയായ യുവാവ് ഇതിന്റെ വില്പനക്കാരുമായി ഇടപെട്ടിട്ടുണ്ടോയെന്നും സംശയമുണ്ട്. ജലക്ഷാമം രൂക്ഷമായതിനാൽ യുവാവും പരിസരവാസികളും കുളത്തൂപ്പുഴ ആറിലാണ് കുളിച്ചിരുന്നത്. യുവാവ് സ്ഥിരമായി കുളിക്കാറുള്ള കടവിൽ ഒഴുക്കുള്ളതിനാൽ ഗൗരവമായി എടുക്കേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.