കൊല്ലം: മുറ്റത്തും തൊടിയിലുമുള്ള പൂക്കളോടും ശലഭങ്ങളോടും വർത്തമാനം പറയാൻ ഒത്തിരി ഇഷ്ടമാണ് ഷീലയ്ക്ക്. എള്ളും നെല്ലും വിളഞ്ഞ പാടത്തുമുണ്ട് ഈ കഥപറച്ചിൽ. പാട്ടും കവിതയും കഥയുമൊക്കെയായി പ്രകൃതിയോട് ഇഴുകിച്ചേരുമ്പോൾ മറ്റെന്തിനേക്കാളും മനസുഖമുണ്ടെന്നാണ് എഴുത്തുകാരിയായ കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ മുളയ്ക്കൽ വിളയിൽ വീട്ടിൽ ഷീല ജഗധരന്റെ പക്ഷം.
ലോക് ഡൗൺ കാലത്ത് തീർത്തും ബോറഡിച്ചില്ല ഷീലയ്ക്ക്, കാരണം വയലിലും പറമ്പിലുമായി ഒരുപാട് കൃഷിത്തിരക്കുണ്ട്. എള്ള്, നെല്ല്, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ തുടങ്ങി കൃഷിവിളകളുടെ പട്ടിക നീളും. അവിടെ കണ്ടതും പറഞ്ഞതുമൊക്കെ അക്ഷരങ്ങളിലേക്ക് ആവാഹിച്ചു. പതിനഞ്ചിൽപ്പരം കവിതകളാണ് ഈ ലോക്ഡൗൺ കാലത്ത് എഴുതിയത്. നവമാദ്ധ്യമങ്ങളിലൂടെയാണ് കൂടുതലും പ്രചരിപ്പിക്കുക.
മനോഹരമായി പാടുന്നതിനാൽ കവിതകൾ കേൾക്കാനായി കൂട്ടുകൂടാനും ഏറെപ്പേരുണ്ടാകും. ജോസഫിന്റെയും സാറാമ്മയുടെയും മകളായ ഷീല തൊടിയൂർ എൽ.പി സ്കൂളിൽ പഠിക്കുന്ന കാലംമുതൽ എഴുത്തിന്റെ വഴിയിലേക്ക് എത്തിയതാണ്. ശാസ്താംകോട്ട ഡി.ബി.കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയപ്പോഴേക്കും അറിയപ്പെടുന്ന എഴുത്തുകാരുടെ കൂട്ടത്തിലേക്ക് ഷീലയുടെ പേരും ചേർന്നു. മൺചിരാത്, സി.ഡി, മഞ്ചാടിച്ചെപ്പ്, വർഷമേഘം പെയ്തൊഴിയുമ്പോൾ, ഡോൾഫിൻ എന്നീ കവിതാ പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു.
ആനുകാലികങ്ങളിൽ കവിതയും കഥയും ലേഖനങ്ങളുമെഴുതാറുണ്ട്. പ്രകൃതിയിലെ കാഴ്ചകളുടെ സൗന്ദര്യം മാത്രമല്ല, വർത്തമാന കാല ജീവിതവും ഷീലയുടെ തൂലികയ്ക്ക് വഴങ്ങും. രാഷ്ട്രീയ വിഷയങ്ങൾ പലപ്പോഴും വിവാദങ്ങൾക്കും വഴിമരുന്നിട്ടിട്ടുണ്ട്. പ്രവാസിയായ ഭർത്താവ് ജഗധരനും മക്കൾ വിഷ്ണുനാരായൺ ജയിനും അദ്വൈത് നാരായൺ ജയിനും ഷീലയ്ക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നത്.
പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം, വനിതാ സാഹിതി ജില്ലാ കമ്മിറ്റി അംഗം, കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്റർ സംസ്ഥാന സെക്രട്ടറി, ഓച്ചിറ ഫാർമേഴ്സ് എക്സ്റ്റൻഷൻ ഓർഗനൈസേഷൻ ട്രഷറർ, ദിശ സാംസ്കാരിക പഠനകേന്ദ്രം, ഗ്രാംഷി സർഗചേതന, കാവ്യ കൗമുദി, മദ്യവിരുദ്ധ സമിതി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങി വിവിധ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പച്ചപ്പിന്റെ കൂട്ടും അക്ഷരങ്ങളുടെ പിൻബലവുമായി സാംസ്കാരിക രംഗത്ത് ഇടപെടുന്നതിനാൽ തനി വീട്ടമ്മയായ ഷീലയ്ക്ക് വലിയ പ്രോത്സാഹനം എല്ലായിടത്തുനിന്നും ലഭിക്കാറുമുണ്ട്.