തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽ നിരോധനാജ്ഞ

 പ്രവേശനം ചരക്കുവാഹനങ്ങൾക്കു മാത്രം

കൊല്ലം: തെങ്കാശി,​ പുളിയംകുടിയിലെ മരണവീട്ടിൽ പോയി മടങ്ങിയെത്തിയ കുളത്തൂപ്പുഴ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോ‌ടെ തെക്കൻ കേരളം കനത്ത ജാഗ്രതയിലായി. കൊല്ലം ജില്ലയിലെ തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളുടെ അതിർത്തികൾ ഇന്നലെ പൂർണമായും അടച്ചു. ഈ മൂന്നു പഞ്ചായത്തുകളിലും ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽനിന്ന് ചരക്കുവാഹനങ്ങൾക്കു മാത്രമേ ഇനി പ്രവേശനം ഉണ്ടാകൂ. മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്. കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ,​ പുളിയംകുടിയിലെ മരണവീട്ടിൽ എത്തിയ 18 പേർ ഉൾപ്പെടെ 40 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം, തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ സ്ഥിതിവിശേഷം.
തെങ്കാശിയിൽ നിന്ന് കേരള അതിർത്തിയിലേക്ക് 30 കിലോമീറ്റർ മാത്രമാണ് ദൂരം. കുളത്തൂപ്പുഴ, ആര്യങ്കാവ് നിവാസികൾ തെങ്കാശിയിലേക്കും അവിടെയുള്ളവർ കേരളത്തിലേക്കും വിവിധ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവരാണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുണ്ടായിട്ടുപോലും പൊലീസിന്റെ കണ്ണുവെട്ടിച്ച് വനപാതകളിലൂടെ രാത്രിയും പകലും കാൽനടയായി ആളുകളെത്തിയിരുന്നു.

ഇനി ഇത്തരത്തിൽ ആരെയും സംസ്ഥാന അതിർത്തി കടത്തിവിടേണ്ടെന്നാണ് തീരുമാനം. റെയിൽപാത വഴി എത്തുന്നവരെ പൂർണമായും നിയന്ത്രിക്കാൻ കോട്ടവാസൽ തുരങ്കം റെയിൽവേ, പൊലീസ്, ഫോറസ്റ്റ് വകുപ്പുകളുടെ സംയുക്ത നിയന്ത്രണത്തിലാക്കി. വനപാതയിലെ എല്ലാ ഇടവഴികളും അടച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ കാവൽ നിറുത്തി.


നിയന്ത്രണങ്ങൾ

ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി വരുന്ന ചരക്കുവാഹനങ്ങൾ കർശന പരിശോധയ്ക്കുശേഷമേ കടത്തിവിടുകയുള്ളൂ ചരക്കുവാഹനങ്ങളുടെ ഡ്രൈവർക്കും സഹായിക്കും പാസ് നൽകും. മടങ്ങിവരുന്നത് അവർതന്നെയെന്ന് ഉറപ്പാക്കും

രേഖകൾ ഹാജരാക്കിയാൽ ആശുപത്രി ആവശ്യങ്ങൾ മാത്രം പരിഗണിക്കും

ആര്യങ്കാവിൽ നിന്ന് വരുന്ന വാഹനങ്ങൾ കഴുതുരുട്ടിയിൽ വീണ്ടും പരിശോധിക്കാൻ ഹൈവേ പൊലീസുണ്ടാവും

''തെങ്കാശിയിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും അടിയന്തര നടപടികൾ കൈക്കൊള്ളാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. അതിർത്തിയിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

-മന്ത്രി കെ.രാജു