കൊട്ടാരക്കര: നെടുവത്തൂർ ആനക്കോട്ടൂരിൽ നഴ്സറിയിലെ അലങ്കാരക്കോഴികളെ കഴുത്തറുത്ത് കൊല്ലുകയും ചെടികളും കൃഷിയും നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ആനക്കോട്ടൂർ സ്വദേശി സുധീഷിന്റെ ഉടമസ്ഥതയിലുള്ള സുരഭി നഴ്സറിയിലാണ് സാമൂഹ്യ വിരുദ്ധരുടെ അക്രമം നടന്നത്. വിൽപ്പനയ്ക്കായി കൂട്ടിലടച്ചിരുന്ന വിലകൂടിയ അലങ്കാരക്കോഴികളെ കഴുത്തറുത്ത് കൊന്ന നിലയിലാണ് കണ്ടെത്തിയത്. നൂറിലധികം ചെടികളും ടിഷ്യൂ കൾച്ചർ വാഴകളും ഫലവൃക്ഷ തൈകളും നശിപ്പിച്ചു.
നഴ്സറിയുടെ പരിസരം മുഴുവൻ മുളക് പൊടി വിതറിയിട്ടുമുണ്ട്. മത്സ്യ കൃഷി ഉൾപ്പടെയുള്ള നഴ്സറിയാണ് ഇവിടം. തിങ്കളാഴ്ച രാത്രി 9 വരെ സുധീഷ് നഴ്സറിയിൽ ഉണ്ടായിരുന്നു. രാവിലെയാണ് അക്രമ വിവരം അറിഞ്ഞത്. അഞ്ച് വർഷമായി ഫാം നഴ്സറി നടത്തിവരികയാണ് സുധീഷ്. പുത്തൂർ പൊലീസ് കേസെടുത്തു.