കുന്നത്തൂർ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ മനക്കരയിലെ ബാംബു കോർപ്പറേഷൻ ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന ഈറ്റ ഉണങ്ങി നശിക്കുന്നു. തങ്ങൾ പട്ടിണിയിലും കടക്കെണിയിലുമാണെന്ന് ഈറ്റ തൊഴിലാളികൾ പറയുന്നു. സംസ്ഥാന ബാംബു കോർപ്പറേഷനാണ് ശാസ്താംകോട്ട സബ് ഡിപ്പോയിലേക്ക് ആവശ്യമുള്ള ഈറ്റ എത്തിക്കുന്നത്. തൊഴിലാളികൾക്ക് അനുവദിച്ചിട്ടുള്ള പാസ് അനുസരിച്ച് ഇവിടെയെത്തുന്ന ഈറ്റ വിതരണം ചെയ്യുകയായിരുന്നു പതിവ്. പാസ് ഉപയോഗിച്ച് ശേഖരിക്കുന്ന ഈറ്റയിൽ നിന്നാണ് കുട്ട,വട്ടി, മുറം തുടങ്ങിയ ഉത്പന്നങ്ങൾനിർമ്മിച്ച് ഇവർ ഉപജീവനം നടത്തിയിരുന്നത്. മനക്കര ബാംബു കോർപ്പറേഷൻ ഡിപ്പോയിൽ ഈറ്റ കെട്ടിക്കിടന്ന് നശിക്കുകയാണെന്ന് ഈറ്റ തൊഴിലാളികൾ പറയുന്നു.
ജില്ലയിലെ ഏക ഈറ്റ വിതരണകേന്ദ്രം
മാസങ്ങളായി മനക്കര ബാംബു കോർപ്പറേഷൻ ഡിപ്പോയിൽ ഈറ്റ കെട്ടിക്കിടന്ന് നശിക്കുകയാണ്. ജില്ലയിലെ ഏക ഈറ്റ വിതരണകേന്ദ്രം കൂടിയാണിത്. പരമ്പരാഗത ഈറ്റ നെയ്ത്തു തൊഴിലാളികൾ ഏറെയും താമസിക്കുന്നത് കുന്നത്തൂർ താലൂക്കിലാണ്. വെറ്റക്കൊടി കർഷകർക്ക് ആവശ്യമായ ഈറ്റയും ഇവിടെയാണ് വിതരണം ചെയ്യുന്നത്.
അടിയന്തരമായി തൊഴിലാളികൾക്ക് സബ്‌സിഡി നിരക്കിൽ ഈറ്റ വിതരണം ചെയ്ത് പ്രതിസന്ധി ഒഴിവാക്കാൻ ബാംബു കോർപ്പറേഷൻ അധികൃതർ തയ്യാറാകണം
തുണ്ടിൽ നൗഷാദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്
ഈറ്റ ലഭ്യമായാൽ വീട്ടിലിരുന്ന് ജോലി ചെയ്യാം
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ബാംബു കോർപ്പറേഷൻ ഡിപ്പോയിൽ നിന്നുള്ള ഈറ്റ വിതരണം താത്കാലികമായി നിറുത്തിവച്ചതാണ് ഈറ്റ തൊഴിലാളികൾ ബുദ്ധിമുട്ടിലാവാൻ കാരണം. ഈറ്റ തൊഴിലാളികൾ ജോലിചെയ്യുന്നത് വീടുകൾ കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ ഈറ്റ ലഭ്യമായാൽ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വീടുകളിലിരുന്നുതന്നെ തൊഴിൽ ചെയ്യാനും സാധിക്കും.