donation-

തേവലക്കര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന വയോധികയെ സമൂഹ്യ മാദ്ധ്യമങ്ങളിൽ താരമാക്കി. അരിനല്ലൂർ സ്വദേശി ലളിതമ്മയാണ് കഷ്ടപ്പാടുകൾക്കിടയിലും സമ്പാദിച്ച തുക തെക്കുംഭാഗം സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറിയത്. സി.ഐ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളാണ് വൈറലായത്.

പട്രോളിംഗ് നടത്തുകയായിരുന്ന തെക്കുംഭാഗം സി.ഐ രാജേഷ് കുമാറിന്റെ വാഹനത്തിന് കൈകാണിച്ച് നിറുത്തിയാണ് ലളിതമ്മ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. നിർബന്ധത്തിന് വഴങ്ങി സി.ഐ തുക കൈപ്പറ്റി. അയ്യായിരത്തി ഒരുനൂറ്റി ഒന്ന് രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലളിതമ്മ നൽകിയത്. ഷീറ്റ് മറച്ച ഒറ്റമുറി വീട്ടിൽ തനിച്ച് കഴിയുന്ന ഇവരുടെ മനസിന്റെ നന്മ പുറം ലോകത്തെത്തിക്കാനാണ് ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതെന്ന് സി.ഐ പറഞ്ഞു.

കശുഅണ്ടി തൊഴിലാളിയായിരുന്ന ലളിതമ്മ ഇപ്പോൾ തൊഴിലുറപ്പ് ജോലി ചെയ്താണ് ജീവിക്കുന്നത്. ഇതിൽ നിന്ന് നീക്കിവച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ദിവസവും വൈകിട്ട് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കേട്ടതിൽ നിന്നാണ് തുക കൈമാറാനുള്ള തീരുമാനത്തിൽ

എത്തിയതെന്ന് ലളിതമ്മ പറഞ്ഞു.
സോഷ്യൽ മീഡിയയിലെ പോസ്റ്റ് ശ്രദ്ധയിൽ പെട്ട തേവലക്കര ഷരീഫ് ഇസ്ലാം ജമാഅത്ത് ഉസ്താദ് ഭക്ഷ്യധാന്യകിറ്റ് വയോധികയുടെ വീട്ടിലെത്തിച്ചു. ഇരുപത്തിരണ്ട് വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ച ലളിതമ്മ കശുവണ്ടി ഫാക്ടറിയിലെ ജോലി കൊണ്ടാണ് രണ്ട് മക്കളെയും വളർത്തിയത്. മകളെ വിവാഹം കഴിച്ചയച്ചു. മകൻ വിവാഹശേഷം തമിഴ്നാട്ടിലാണ് താമസം. മുഖ്യമന്ത്രി പറയും വരെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിയാനാണ് ലളിതമ്മയുടെ തീരുമാനം.