c
വാങ്ങാനാളില്ല, മത്തി കടലിൽ ഒഴുക്കി

കരിച്ചാള വിറ്റത്

25 രൂപയ്ക്ക്

രാവിലെ വിറ്റത്: 150 രൂപ

പാസ് വാങ്ങിയ കച്ചവടക്കാർ

110

കൊല്ലം: വാങ്ങാൻ ആളില്ലാതെ വന്നതോടെ നീണ്ടകര ഹാർബറിലെത്തിയ വള്ളക്കാർ കിലോ കണക്കിന് മത്തി കടലിൽ ഒഴുക്കി. ചില വള്ളക്കാർ ഒരു കിലോ കരിച്ചാള 25 രൂപയ്ക്ക് വരെ കായലോരങ്ങളിൽ കൊണ്ടുപോയി വിറ്റു.

ഇന്നലെ രാവിലെ 11ന് ശേഷം എത്തിയ ഏഴ് വള്ളങ്ങളിലെ മത്സ്യമാണ് വാങ്ങാൻ ആളില്ലാതായത്. 110 കച്ചവടക്കാർക്ക് മാത്രമാണ് നീണ്ടകരയിൽ നിന്നി മീൻ വാങ്ങാൻ പാസ് നൽകിയിരുന്നത്. ഇവർ രാവിലെ തന്നെ മത്സ്യം വാങ്ങി മടങ്ങി. മത്സ്യഫെഡ് വാങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു മത്സ്യത്തൊഴിലാളികൾ. പക്ഷേ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും ആരുമെത്തിയില്ല. ഇതോടെ ഒരു വള്ളത്തിലെ തൊഴിലാളികൾ മത്സ്യം കടലിൽ ഒഴുക്കുകയായിരുന്നു. ശേഷിക്കുന്നവർ കായൽ വക്കുകളിൽ വള്ളത്തിലെത്തി കുറഞ്ഞ വിലയ്ക്ക് കരിച്ചാള വിൽക്കുകയായിരുന്നു. രാവിലെ 150 രൂപയ്ക്കാണ് ഹാർബറിൽ കരിച്ചാള വിറ്റത്.

കൂടുതൽ തൊഴിലാളികൾ കടലിലേക്ക്

ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ നിന്ന് ഇന്നലെ കൂടുതൽ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോയി. കരിച്ചാള, മത്തി, ചൂട, കാരൽ, കീരിമീൻ തുടങ്ങിയ മത്സ്യങ്ങളുമായാണ് ഒട്ടുമിക്ക ബോട്ടുകളും വള്ളങ്ങളും മടങ്ങിയെത്തിയത്.

സർക്കാർ നിശ്ചയിച്ചത് പോലെ 25 എച്ച്.പിയിൽ താഴെ ശേഷിയുള്ള ഔട്ട് ബോർഡ് എൻജിനുകൾ ഘടിപ്പിച്ച 30 ഓളം വള്ളങ്ങളും 32 അടി വരെ നീളമുള്ള 72 ബോട്ടുകളുമാണ് ഇന്നലെ കടലിൽ പോയത്.