c
തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽ നിരോധനാജ്ഞ

കൊല്ലം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന അതിർത്തി പങ്കിടുന്ന തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഉത്തരവായി. ഇന്നലെ രാത്രി 12 മുതൽ നിരോധനാജ്ഞ നിലവിൽ വന്നു.

മന്ത്രി കെ.രാജുവിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ അടിയന്തര യോഗം ചേർന്ന് കർശന നടപടികൾക്ക് നിർദ്ദേശം നൽകിയിരുന്നു. റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന മറ്റ് സ്ഥാപനങ്ങൾ ഒഴികെയുള്ള ഒരു സ്ഥാപനങ്ങളും തുറക്കാൻ പാടില്ല. ബാങ്കുകൾ രാവിലെ 10 മുതൽ രണ്ടുവരെയും അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ചുവരെയും പ്രവർത്തിക്കാം.
പഞ്ചായത്തുകളിലേക്കുള്ള പൊതുപ്രവേശന റോഡുകളിലും ചെറു ഇടറോഡുകളിലും പൊലീസ് ആരോഗ്യ വകുപ്പുകളുടെ നിരീക്ഷണം ഉണ്ടായിരിക്കും. വനമേഖലകളിലുള്ള നടവഴികൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും. ഈ വഴികളിലൂടെ യാത്ര അനുവദിക്കില്ല. റെയിൽവേ ട്രാക്കുകളിലൂടെ കാൽനടയാത്ര പൂർണമായും നിരോധിച്ചു.
ചരക്ക് ഗതാഗതത്തിന് തടസമുണ്ടാക്കാത്ത രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. സാമൂഹിക അടുക്കളയുടെ പ്രവർത്തനത്തിന് ഭംഗം വരാത്ത രീതിയിലാകണം നടപടികൾ സ്വീകരിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.