covid
സാമൂഹിക അടുക്കളയിലെ അരി വിറ്റത് നഗരസഭാ സെക്രട്ടറി അന്വേഷിക്കും

കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം

കൊല്ലം: സാമൂഹിക അടുക്കളയിലേക്ക് സംഭാവനയായി ലഭിച്ച അരി അനുവാദമില്ലാതെ വിറ്റ സംഭവം നഗരസഭാ സെക്രട്ടറി അന്വേഷിക്കും. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. കൗൺസിൽ യോഗത്തിൽ ആദ്യം സംസാരിച്ച യു.ഡി.എഫ് നേതാവ് അരി വിറ്റ സംഭത്തിൽ ഉദ്യോഗസ്ഥനെ ബലിയാട് ആക്കുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചു. നേതാക്കളെ സംരക്ഷിക്കാനാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതെന്നായിരുന്നു ആരോപണം. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാജി വയ്ക്കണമെന്നും എ.കെ. ഹഫീസ് ആവശ്യപ്പെട്ടു. തുടർന്ന് മറ്റ് യു.ഡി.എഫ് അംഗങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു. സാമൂഹിക അടുക്കളയിൽ നിന്ന് ലഭിച്ച പൊതിച്ചോർ ചില പ്രതിപക്ഷ കൗൺസില‌ർമാർ വില്പന നടത്തുന്നുവെന്ന് ഭരണപക്ഷത്ത് നിന്ന് ആരോപണം ഉയർന്നതോടെ ബഹളമായി. ഒടുവിൽ മേയർ ഇടപെട്ടാണ് സെക്രട്ടറിയുടെ അന്വേഷണം പ്രഖ്യാപിച്ചത്.

സസ്പെൻഷൻ വന്ന വഴി

കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സോണലിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രസന്നനെയാണ് സാമൂഹിക അടുക്കളയിൽ സംഭാവന കിട്ടിയ അരി അനുവാദമില്ലാതെ വിറ്റതിന് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച സാമൂഹിക അടുക്കളയിലേക്ക് തേവള്ളി ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ നാല് ചാക്ക് അരി സംഭാവനയായി ലഭിച്ചിരുന്നു. ഇതിൽ രണ്ട് ചാക്ക് അരി പ്രസന്നൻ കാവനാട്ടെ കടയിൽ കൊണ്ടുപോയി വിറ്റ ശേഷം മറ്റ് അവശ്യവസ്തുക്കൾ വാങ്ങി സാമൂഹിക അടുക്കളയിൽ എത്തിക്കുകയായിരുന്നു. ഇതിന് അടുക്കളയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരിൽ നിന്നും അനുവാദം വാങ്ങിയിരുന്നില്ല.

ഇതാണ് നിയമം

സാമൂഹിക അടുക്കളയിലേക്കുള്ള സംഭാവനകളെല്ലാം രജിസ്റ്ററിൽ ഉൾപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ രജിസ്റ്ററിൽ ഉൾപ്പെടുത്താതെയാണ് രണ്ട് ചാക്ക് അരി വിറ്റ് മറ്റ് സാധനങ്ങൾ വാങ്ങിയത്.