v
കടയ്ക്കലിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കൊല്ലം: കടയ്ക്കലിൽ ഭർത്താവിന്റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. ചിതറ വേങ്കോട് സ്വാതി ഭവനിൽ വിനിജയാണ് (34) ആക്രമണത്തിനിരയായത്. ഇന്നലെ പുലർച്ചെ നാലോടെ വീട്ടിലെത്തിയ ഭർത്താവ് മനോജ് കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് വിനിജയെ വെട്ടി വീഴ്ത്തി. ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയ അയൽവാസികൾ അറിയിച്ചത് അനുസരിച്ച് പൊലീസെത്തുമ്പോൾ കൈയ്ക്കും തോളിനും വെട്ടേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു വിനിജ. കൈ ഞരമ്പുകൾ മുറിച്ച നിലയിൽ മനോജും അവിടെതന്നെയുണ്ടായിരുന്നു. ഇരുവരെയും പൊലീസ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. വിനിജയുടെ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സ നൽകിയ ശേഷം മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു കേസിൽ ജയിലിലായിരുന്ന മനോജ് അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. ഇതിനുശേഷം കടയ്ക്കൽ കുറ്റിക്കാട്ടിൽ എന്ന സ്ഥലത്ത് താമസമാക്കിയ മനോജ് ആക്രമത്തിനുള്ള പദ്ധതി തയ്യാറാക്കിയാണ് ഇന്നലെ എത്തിയത്. മനോജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.