hyundai

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാനമന്ത്രിയുടെ പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് ഏഴു കോടി രൂപ ധനസഹായം നല്‍കി വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായി. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഏഴു കോടി രൂപ ധനസഹായം നല്‍കിയിരിക്കുന്നത്.

വൈറസ് ബാധ അതിവേഗം പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന അഡ്വാന്‍സ് ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ് കിറ്റുകള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് (ICMR) കൈമാറിയതായി ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ സി.എസ്.ആര്‍ (CSR) പദ്ധതി മുഖേനയാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ടെസ്റ്റിങ്ങ് കിറ്റുകള്‍ ഇന്ത്യയിലെത്തിക്കുന്നത്. നാല് കോടി രൂപയുടെ ഈ ടെസ്റ്റിങ് കിറ്റുകള്‍ 25,000 അധികം ആളുകള്‍ ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് ഹ്യുണ്ടായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമേ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഈ കിറ്റുകള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പരമാവധി വേഗത്തില്‍ റിസള്‍ട്ട് നല്‍കാന്‍ കഴിയുന്ന കിറ്റുകളാണെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു. നിലവില്‍ ഇന്ത്യയിലെ വാഹന പ്ലാന്റുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ത്തിവെച്ചതോടെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉള്‍പ്പടെ ഉണ്ടായിരിക്കുന്നത്.

ഈ പ്രതിസന്ധി മറികടക്കാന്‍ ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ചിരിക്കുകയാണ് ഹ്യുണ്ടായി. ക്ലിക്ക് ടു ബൈ എന്നൊരു പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമെന്ന നിലയ്ക്കാണു സംഭാവന നല്‍കുന്നതെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എസ്.എസ് കിം പറഞ്ഞു.