pic-

കൊല്ലം: ലോക്ക് ഡൗൺ കാലത്ത് പഠന തിരക്കിലാണ് വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും. പത്താം ക്ലാസിലെ മൂന്ന് പരീക്ഷകൾ കൂടി പൂർത്തീകരിക്കാനുണ്ട്. മാറ്റിവച്ച സർവകലാശാല പരീക്ഷകൾ മേയ് 11ന് ശേഷം ആരംഭിക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. ഇതോടെ കൊവിഡ് ആശങ്കകൾ മാറ്റിവച്ച് വിദ്യാർത്ഥികൾ ശേഷിക്കുന്ന പരീക്ഷകളുടെ തയ്യാറെടുപ്പിലാണ്. എല്ലാ പാഠഭാഗങ്ങളും ആഴത്തിൽ പഠിക്കാൻ സമയം ലഭിച്ചതിന്റെ ആഹ്ലാദം കുട്ടികൾക്കുമുണ്ട്.

സമീപ കാലത്ത് ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികൾ പി.എസ്.സി പരീക്ഷയ്ക്കായി പഠിച്ച് തുടങ്ങിയ സമയത്താണ് ലോക്ക് ഡൗണെത്തിയത്. അതിന് മുമ്പ് തന്നെ സംസ്ഥാനത്തെ പി.എസ്.സി പരിശീലന കേന്ദ്രങ്ങളിലെ ക്ലാസുകൾ നിറുത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ക്ലാസുകൾ മുടങ്ങിയെങ്കിലും ഉദ്യോഗാർത്ഥികളുടെ പഠനം മുടങ്ങിയിട്ടില്ല. ഓൺലൈൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഏതാണ്ടെല്ലാ പരിശീലന കേന്ദ്രങ്ങളും ക്ലാസുകളും പരീക്ഷകളും നടത്തുന്നുണ്ട്. വാട്സ് അപ്പ് ഗ്രൂപ്പുകൾ, ടെലിഗ്രാം, മെസഞ്ചർ തുടങ്ങിയവയിലൂടെ കൂട്ടായ പഠനത്തിനും അവസരമുണ്ട്. പ്രതികൂലമായ സാഹചര്യങ്ങളെ അനുകൂലമാക്കി ഗൃഹപാഠം നടത്തി പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുകയാണ് മിക്ക ഉദ്യോഗാർത്ഥികളും. എന്നാൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾ മദ്ധ്യവേനലവധിയുടെ ആഘോഷത്തിലാണ്. ബന്ധുവീടുകളിലും വിനോദ കേന്ദ്രങ്ങളിലും പോകാൻ കഴിയാത്തതിന്റെ സങ്കടം വീടിനുള്ളിലും പുറത്തുമായി അവർ കളിച്ച് തീർക്കുന്നു.