രാജ്യത്തെ ആദ്യ ഫോര്‍മുല വണ്‍ ട്രാക്കിലൂടെ ബൈക്ക് പറപ്പിച്ച് നടി മാളവിക മോഹനന്‍. മികച്ച റൈഡേര്‍സിനൊപ്പമാണ് താരം റേസില്‍ പങ്കെടുത്തത്. വീടിനുള്ളിൽ പുതിയ കഴിവുകള്‍ പരീക്ഷിക്കുന്ന ഈ കാലത്ത് ഔട്ട് ഡോറില്‍ പരീക്ഷിച്ച പുതിയ കാര്യത്തെക്കുറിച്ച് പറയാം എന്നു പറഞ്ഞുകൊണ്ടാണ് ചിത്രങ്ങളും വീഡിയോയും താരം പോസ്റ്റ് ചെയ്തത്.
ബൈക്കിനോടുള്ള തന്റെ പ്രണയം ഒരു പടികൂടി മുന്നോട്ടു പോയെന്നും കഴിഞ്ഞ ജൂണില്‍ മികച്ച റൈഡേര്‍സിനൊപ്പം ഇന്ത്യയിലെ ആദ്യത്തെ ഫോര്‍മുല വണ്‍ ട്രാക്ക് ആയ ബുദ്ധ് ഇന്റര്‍നാഷണലില്‍ ബൈക്കോടിച്ചെന്നും മാളവിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.അതുവരെ സാധാരണ ബൈക്ക് മാത്രം ഓടിച്ചിരുന്ന തനിക്ക് അവരുടെ വേഗത്തിനൊപ്പം എത്താനായില്ലെങ്കിലും ട്രാക്കിലൂടെയുള്ള ബൈക്ക് ഓടിക്കല്‍ ആവേശം നല്‍കി. ആ ദിവസവും ആ നിമിഷവും മിസ് ചെയ്യുന്നുണ്ടെന്നുണ്ടെങ്കിലും അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ സിരകളില്‍ ആവേശം നിറയുമെന്നും മാളവിക കുറിച്ചു.
പ്രശസ്ത ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകളാണ് മാളവിക. പട്ടംപോലെ എന്ന സിനിമയിലൂടെ ദുൽഖർ സൽമാന്റെ നായികയായാണ് അരങ്ങേറ്റം. മോഡലിംഗിലും കഴിവ് തെളിയിച്ചിട്ടുണ്ട്..