covid

കൊല്ലം: കുളത്തൂപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ചയാൾ പതിനഞ്ചിലധികം ആളുകളുമായി സമ്പർക്കം നടത്തിയതായി കണ്ടെത്തി. ഇവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റി. കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിയായ യുവാവിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലെ പുളിയങ്കുടിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുളയങ്കുടിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത മുപ്പതിലധികംപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവിടെ നിന്നും പച്ചക്കറി ലോറിയിലും ആംബുലൻസിലുമായാണ് യുവാവും അമ്മാവനും കുളത്തൂപ്പുഴയിലെത്തിയത്. ആംബുലൻസിൽ കുളത്തൂപ്പുഴ ആർ.പി.എല്ലിലെ തൊഴിലാളികളും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ആർ.പി.എൽ കോളനി വാസികളിലേക്ക് രോഗം ബാധിച്ചിട്ടുണ്ടാകുമെന്ന ആശങ്കയുണ്ട്. കൂടുതൽപേരിലേക്ക് പകർന്നിരിക്കാൻ സാദ്ധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പ് കോളനികളിൽ കർശന പരിശോധന നടത്തുകയാണ്. കൊവിഡ് സ്ഥിരീകരിച്ച യുവാവ് നേരിട്ട് 15 പേരുമായി സമ്പർക്കം നടത്തിയിട്ടുണ്ടെന്ന് വ്യക്തത കൈവരികയും ചെയ്തു.

കുളത്തൂപ്പുഴയിൽ നിന്നും രഹസ്യ വഴിയിലൂടെ കൂടുതൽപേർ പുളിയങ്കുടിയിൽ പോയിവരാറുണ്ടെന്നും പൊലീസും ആരോഗ്യ വകുപ്പും കണ്ടെത്തി. പുളിയങ്കുടിയിൽ രോഗം സമൂഹ വ്യാപനത്തിലേക്ക് മാറിയെന്ന സൂചന വന്നതിനാൽ കുളത്തൂപ്പുഴയിൽ ഇതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ടാവുമെന്നുതന്നെയാണ് വിവരം. തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് നിരത്തുകളിൽ സജീവമായിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങാതിരിക്കാനും രോഗം സമൂഹ വ്യാപനമുണ്ടാകാതിരിക്കാനുമുള്ള ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.