കൊല്ലം: കുളത്തൂപ്പുഴ, ആര്യങ്കാവ് മേഖലകളിൽ നിന്നുള്ളവർ കാട്ടുവഴികളിൽക്കൂടി തമിഴ്നാട്ടിലേക്ക് പോകാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. പുളിയങ്കുടിയിൽ കൊവിഡ് സമൂഹ വ്യാപനം നടന്നുവെന്ന സാഹചര്യത്തിലേക്ക് എത്തിയ വിവരങ്ങൾ പുറത്ത് വരുന്നതോടെ കാട്ടുവഴികളിൽക്കൂടി യാത്ര പോയവരിലേക്ക് രോഗം പടർന്നിരിക്കുമോയെന്ന ആശങ്കയിലാണ് ജില്ലാ ഭരണകൂടം. വാഹനങ്ങൾ കടന്നുപോകാത്ത വഴികളിലൂടെയാണ് ആർ.പി.എൽ തൊഴിലാളികൾ ഉൾപ്പടെ തമിഴ്നാട്ടിൽ സാധാരണ സഞ്ചരിക്കാറുള്ളത്. തമിഴ് നാട്ടിലാണ് ഇവരുടെ ബന്ധുവീടുകളിൽ അധികവും. ലോക് ഡൗൺ കാലയളവിലും കാനന പാതകളിൽ വലിയ തോതിൽ പരിശോധനകൾ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ അപ്പുറത്ത് പോയി ബന്ധുക്കളെ കാണുകയും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരുന്നതും പതിവാണ്. ഈ നിലയിൽ രോഗ ബാധിതരുമായി സമ്പർക്കം നടത്തിയിട്ടുണ്ടെങ്കിൽ കുളത്തൂപ്പുഴ, ആര്യങ്കാവ് മേഖലകളിൽ രോഗ വ്യാപനത്തിന് സാദ്ധ്യതയുണ്ട്.
കോളനികളിലും മറ്റുമായി ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചുവരികയാണ്. ഇവിടെ രോഗ ലക്ഷണങ്ങൾ ഉള്ളവരെ അപ്പോൾത്തന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റാനാണ് തീരുമാനം. അടുത്തസമയത്ത് പുളിയങ്കുടിയിൽ പോയിട്ടുള്ളവരെ നിർബന്ധമായും നിരീക്ഷണത്തിലാക്കും. കാട്ടുവഴികളിലൂടെ ഇനി ആരും സഞ്ചരിക്കാതിരിക്കാൻ പൊലീസും വനംവകുപ്പും ശ്രദ്ധചെലുത്തും. പൊലീസിനെ ഇവിടേക്ക് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുണ്ട്.