gp

ലോക്ക് ഡൗൺ കാലത്ത് വീട്ടുജോലികളിലാണ് പലരും. സിനിമാതാരങ്ങളുടെ വീട്ടുജോലി കാര്യങ്ങൾ അവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കിടാറുണ്ട്.. അങ്ങനെ ചക്കയിട്ടപ്പോഴും കുരുമുളക് പറിച്ചപ്പോഴും താൻ പഠിച്ച പാഠങ്ങൾ പങ്കുവയ്ക്കുകയാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജി.പി ഇൻസ്റ്റഗ്രാമിലാണ് രസകരമായ കുറിപ്പും ഫോട്ടോയും ജി.പി പങ്കുവച്ചിരിക്കുന്നത്.

"അമ്മ ഒരു ചക്ക ഇടാൻ പറഞ്ഞു. ഞാൻ ഒരു ചക്ക ഇട്ടു. അഞ്ചാറ് ചക്ക വീണു. പ്രകൃതി പലപ്പോഴും ഇങ്ങനെയാണ്. നമ്മൾ ആത്മാർത്ഥമായി ഒരു പൂവ് ചോദിച്ചാൽ ഒരു പൂക്കാലം തരും! ആവശ്യത്തിലധികമുള്ള ചക്കകൾ സ്വയം ചുള പറിച്ചു വയ്ക്കാൻ ഞാൻ നിർബന്ധിതനായപ്പോൾ ആലോചിച്ചുണ്ടാക്കിയ മറ്റൊരു ജീവിത തത്വം"

അതുപോലെ കുരുമുളക് പറിക്കാൻ മതിലിൽ കയറിയ കാര്യവും ജി.പി പറയുന്നു: "ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദർഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നത്. ഞാൻ പഠിച്ച പാഠം: അയൽവാസി മുരളിയേട്ടൻ മൊബൈൽ കാമറയുമായി ഇടവഴിയിലൂടെ നടക്കുമ്പോൾ കുരുമുളക് പറിക്കാൻ മതിലിൽ കയറരുത്!"

സ്വന്തം നാടായ പട്ടാമ്പിയിൽ കുരുമുളക് പറിക്കലും ചക്കയിടലും അമ്മയെ സഹായിക്കലുമൊക്കെയായി ലോക്ക്‌ഡൗൺ കാലം രസകരമായി ചെലവഴിക്കുകയാണ് ജി.പി..അല്ലു അർജുൻ നായകനാവുന്ന 'അലവൈകുണ്ഡപുരം' എന്ന തെലുങ്ക് ചിത്രമാണ് അവസാനം തിയേറ്ററുകളിൽ എത്തിയ ജിപി ചിത്രം. നടൻ ജയറാമും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനിൽ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ.