കൊല്ലം : പ്ലാസ്റ്റിക് കുടത്തിൽ തല കുടുങ്ങിയ തെരുവ് നായക്ക് രക്ഷകരായി ഫയർഫോഴ്സ്. കുന്നത്തൂർ പുത്തനമ്പലം ക്ഷേത്രത്തിനു സമീപമാണ് കഴിഞ്ഞ അഞ്ച് ദിവസമായി നായ അലഞ്ഞു തിരിഞ്ഞു നടന്നത്. പ്രദേശത്ത് പതിവായി കാണുന്ന നായ വെള്ളം പോലും കുടിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതിനെ പിടികൂടി തലയിൽ നിന്നും കുടം നീക്കം ചെയ്യാൻ നാട്ടിലെ യുവാക്കൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.തുടർന്ന് പ്രദേശവാസിയായ രതീഷ് ശാസ്താംകോട്ട ഫയർഫോഴ്‌സ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സും പ്രദേശവാസികളായ രതീഷ്,ഹരി പുത്തനമ്പലം, മിഥുൻ,സുബിൻ കൊടിയിൽ, സുധീഷ് എന്നീ യുവാക്കളുടെ സഹായത്തോടെ ഒരു മണിക്കൂറുകളോളം നടത്തിയ പ്രയത്നത്തിനൊടുവിൽ നായയെ പിടികൂടി കുടം നീക്കം ചെയ്യുകയായിരുന്നു.