കൊല്ലം: ലോക്ക് ഡൗൺ പ്രാബല്യത്തിലായിട്ട് ഒരു മാസം പിന്നിടുമ്പോൾ സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റുന്നു. കേന്ദ്ര -സംസ്ഥാന സർക്കാർ ജീവനക്കാർ, സാമ്പത്തിക ശേഷിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരൊഴികെ സമൂഹത്തിലെ മറ്റെല്ലാ വിഭാഗങ്ങളും അനുദിനം ദുരിതത്തിലേക്കാണ് പോകുന്നത്.
ലോക്ക് ഡൗൺ ആരംഭിച്ച കഴിഞ്ഞ മാസം 24 മുതൽ 80 ശതമാനത്തിലേറെ വ്യാപാരശാലകളും അടഞ്ഞ് കിടക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരിൽ മിക്കവർക്കും മാർച്ച് മാസത്തെ ശമ്പളം ഇന്നലെയും ലഭിച്ചിട്ടില്ല. സമാശ്വാസം എന്ന നിലയിൽ ചെറിയൊരു തുക മാത്രം ലഭിച്ചവരും പകുതി ശമ്പളം ലഭിച്ചവരും കുറച്ച് ആശ്വാസത്തിലാണ്. ചായക്കടകളിലെ തൊഴിലാളികൾ മുതൽ വീട്ടുജോലിക്കാർ വരെ ആയിരങ്ങളാണ് ജില്ലയിലെ അസംഘടിത മേഖലയിൽ പണിയെടുക്കുന്നത്. ഇത്തരക്കാർക്ക് കഴിഞ്ഞ ഒരു മാസമായി ജോലിയും കൂലിയും ഇല്ല. സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി ആനുകൂല്ല്യവും സൗജന്യ റേഷനും പലവ്യജ്ഞന കിറ്റുമൊക്കയൊണ് ആശ്വാസം.
ക്ഷേമനിധി ആനുകൂല്ല്യത്തിന് പുറത്തുള്ളവരാണ് അസംഘടിത മേഖലയിലെ തൊഴിലാളികൾ പലരും. സൗജന്യ പലവ്യഞ്ജന കിറ്റ് എല്ലാവരിലേക്കും എത്തിയിട്ടില്ല. ഓട്ടോ- ടാക്‌സി തൊഴിലാളികൾ, കശുഅണ്ടി തൊഴിലാളികൾ, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ സംരംഭകർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും, ചെറുകിട വ്യാപാരികൾ, നിർമ്മാണ തൊഴിലാളികൾ, കാറ്ററിംഗ് സ്ഥാപനങ്ങളുടെ ഉടമകൾ - തൊഴിലാളികൾ, ഓഡിറ്റോറിയങ്ങളുടെ ഉടമകൾ- തൊഴിലാളികൾ, ഫോട്ടോഗ്രാഫർമാർ തുടങ്ങി വരുമാനം നിലച്ച് ദുരിതം അനുഭവിക്കാത്തവർ സമൂഹത്തിന്റെ ഒരു മേഖലയിലുമില്ല.
വരാനിരിക്കുന്നതും പ്രതിസന്ധിയുടെ നാളുകൾ
കൊവിഡിനെ അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക് നാം കടക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ അപ്പോഴേക്കും സാമ്പത്തികസ്ഥിതി അപ്പാടെ തകർന്നടിയാനാണ് സാദ്ധ്യത. ജില്ലയിൽ തന്നെ പല ചെറുകിട സംരംഭകരും , കച്ചവടക്കാരും ലോക്ക് ഡൗണിന് ശേഷം തങ്ങളുടെ സ്ഥാപനങ്ങൾ തുറക്കാൻ സാദ്ധ്യതയില്ല. സാമ്പത്തിക സ്ഥിതി മോശമായ സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണവും വേതനവും വെട്ടിക്കുറയ്ക്കാനുള്ള സാദ്ധ്യതയും മുന്നിലുണ്ട്. കൊവിഡിന് മുമ്പുള്ള കാലത്തേക്ക് ജില്ല മടങ്ങിയെത്താൻ കാത്തിരിപ്പ് ഏറെ വേണ്ടി വന്നേക്കാം.
...................................
ആട്ടോറിക്ഷ നിരത്തിലിറക്കിയിട്ട് ഒരു മാസമായി. ബാങ്ക് ലോൺ എടുത്ത് വാങ്ങിയ വണ്ടിയാണ്. ലോൺ അടച്ച് തീർന്നിട്ടില്ല. വീട്ടിൽ വേറെ വരുമാനം ഒന്നുമില്ല. കയ്യിൽ പണമില്ല. എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ല.
ആർ. അനീഷ്, ആട്ടോറിക്ഷാ തൊഴിലാളി