കൊട്ടാരക്കര: ലോക്ക് ഡൗൺ കാലാവധി അവസാനിക്കാൻ നാളുകൾ ശേഷിക്കേ കൊട്ടാരക്കരയിലെ ബസ് സ്റ്റാൻഡുകൾക്കിടയിൽ വീണ്ടും ബിവറേജസ് ഔട്ട്ലെറ്റിന്റെ പ്രവർത്തനം തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനത്തിരക്കുള്ള സ്ഥലത്ത് നിന്ന് മദ്യവില്പന ശാല മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. നൂറ് മീറ്റർ ചുറ്റളവിലുള്ള കൊട്ടാരക്കര കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾക്കിടയിലായി സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഔട്ട്ലെറ്റ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന തിരക്കേറിയ ഭാഗമാണിത്. ടൗണിൽ നിന്നും ഒഴിഞ്ഞ സ്ഥലത്തേക്ക് ബിവറേജസ് ഔട്ട്ലെറ്റ് മാറ്റണമെന്ന നിർദ്ദേശങ്ങൾ നടപ്പാകുന്നുമില്ല. ഒന്നേകാൽ ലക്ഷം രൂപ വാടകയുള്ള കെട്ടിടത്തിലാണ് ഇപ്പോൾ ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്. തിരക്കുകളിൽ നിന്നും മാറി സർക്കാർ കെട്ടിടം യാഥാർത്ഥ്യമാക്കിയാൽ വാടക ഇനത്തിലും വലിയ തുക സർക്കാരിന് ലാഭിക്കാം.
........മന്ത്രിയോട് അഭ്യർത്ഥിച്ചു................
ആൾത്തിരക്കുള്ള ഭാഗത്ത് നിന്ന് ബിവറേജസിന്റെ മദ്യവില്പന ശാല മാറ്റി സ്ഥാപിക്കണമെന്ന് വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചു. മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് പരാതികളാണ് ലഭിച്ചത്. പരാതികളെല്ലാം മന്ത്രിക്ക് കൈമാറി. ബസ് സ്റ്റാൻഡിൽ കൂട്ടുകാരികൾക്കൊപ്പമെത്തിയ പെൺകുട്ടിക്ക് സ്വന്തം പിതാവ് മദ്യവുമായി ഔട്ട്ലെറ്റിൽ നിന്ന് ഇറങ്ങിവരുന്ന കാഴ്ച കാണേണ്ടി വന്ന സംഭവമറിയാൻ ഇടയായി. ഇത് സങ്കടകരമാണ്. മദ്യവില്പന ശാല ഇവിടെ നിന്ന് മാറ്റേണ്ടത് അനിവാര്യമാണ്.
(പി. ഐഷാപോറ്റി എം.എൽ.എ)
.............ഉചിതമായ സ്ഥലത്തല്ല...........
കൊട്ടാരക്കരയിൽ ബിവറേജസ് മദ്യവില്പന ശാല പ്രവർത്തിക്കുന്നത് ഉചിതമായ സ്ഥലത്തല്ല. അടിപിടി ഉൾപ്പടെ നിരവധി കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടൗണിൽ ആയതിനാൽ പൊലീസിന്റെ ശ്രദ്ധ എപ്പോഴും ലഭിക്കുന്നുണ്ടെന്ന് മാത്രം. എന്നാലും ഇവിടെ നിന്നും ബിവറേജസ് മദ്യവില്പന ശാല മാറ്റേണ്ടത് അത്യാവശ്യമാണ്. എന്നാൽ റസിഡൻഷ്യൽ ഏരിയയിലേക്ക് മാറ്റരുത്.
(ഹരിശങ്കർ, റൂറൽ എസ്.പി)
....താലൂക്ക് വികസന സമിതി തീരുമാനിച്ചു...........
കൊട്ടാരക്കരയിലെ ബിവറേജസ് ഔട്ട്ലെറ്റ് തിരക്കേറിയ ബസ് സ്റ്റാൻഡുകൾക്കിടയിലാണ്. ഇതുമൂലം യാത്രക്കാരടക്കം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ താലൂക്ക് വികസന സമിതി വിശദമായി ചർച്ച ചെയ്തു. മദ്യവില്പന ശാല ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കടക്കം വകുപ്പ് തല മേധാവികൾക്കും റിപ്പോർട്ട് നൽകി.
(എ.തുളസീധരൻ പിള്ള, തഹസീൽദാർ, കൊട്ടാരക്കര)
...... ഇനി തുറക്കാൻ അനുവദിക്കരുത്........
കൊല്ലം - തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പുലമൺ ജംഗ്ഷനിലുള്ള ഔട്ട്ലെറ്റിൽ എപ്പോഴും തിരക്കാണ്. ദൂരപരിധി വിഷയം വന്നപ്പോൾ ടൗണിൽ നിന്ന് ഇത് ഒന്നര കിലോമീറ്റർ അകലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് ഒൗട്ട്ലെറ്റ് തിരികെ ടൗണിലേക്കുതന്നെ വരുകയായിരുന്നു. മദ്യവില്പനശാലയ്ക്ക് അര കിലോമീറ്റർ ചുറ്റളവിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. രാവിലെയും വൈകിട്ടും സ്റ്റാൻഡുകളിലെത്തുന്ന വിദ്യാർത്ഥികൾ മദ്യപൻമാരുടെ ശല്യത്താൽ ബുദ്ധിമുട്ടുകയാണ്. സന്ധ്യ മയങ്ങിയാൽ മദ്യപർ സ്റ്റാൻഡ് പരിസരത്ത് കിടന്നുറങ്ങുന്നതും സംഘർഷമുണ്ടാകുന്നതും പതിവാണ്. ലോക്ക് ഡൗൺ പിൻവലിച്ചാലും കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കേണ്ട നാളുകൾ ഇനിയും നീളും. ഇത്ര തിരക്കുള്ള ഇടത്ത് നിന്ന് മദ്യവില്പന ശാല മാറ്റിയില്ലെങ്കിൽ അത് വലിയ പ്രശ്നങ്ങളുണ്ടാക്കും.
(ദിനേഷ് മംഗലശേരി, ചെയർമാൻ, റെഡ്ക്രോസ് സൊസൈറ്റി, കൊട്ടാരക്കര താലൂക്ക്)