akshaykumar

ഈ ലോക്ക് ഡൗൺ കാലത്ത് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത് ദിവസവേതന തൊഴിലാളികളാണ്. രാജ്യത്തെ സിനിമാ വ്യവസായം പൂർണ്ണമായും നിശ്ചലാവസ്ഥയിലാണ്. ഷൂട്ടിംഗുകൾ നിറുത്തി വയ്ക്കുകയും അതോടൊപ്പം തീയേറ്ററുകൾ പൂട്ടിയിടുകയും ചെയ്തതോടെ സിനിമയിലെ ദിവസവേതനക്കാർ വലിയ രീതിയിൽ ബുദ്ധിമുട്ടുകയാണ്. തീയേറ്റർ ഉടമകൾക്ക് അവരുടെ ദിവസ വേതനക്കാർക്ക് ശമ്പളം നല്‍കാനുമാകുന്നില്ല. തീയേറ്ററുകളിലെ പ്രൊജക്ടറുകളുടെ അടക്കം സുരക്ഷ ഉറപ്പാക്കേണ്ടതിനാൽ തൊഴിലാളികൾക്ക് വിശ്രമവുമില്ലാത്ത അവസ്ഥയാണുള്ളത്. ഇത്തരമൊരു അവസ്ഥയിൽ മുംബയിലെ ഒരു പ്രമുഖ തീയേറ്ററിന്റെ ഉടമയോട് താൻ സഹായമെത്തിക്കാമെന്ന് വിളിച്ച് അറിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ.

തീയേറ്ററുടമ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മുംബയിലെ വളരെ പ്രശസ്തമായ ഗെയ്റ്റി ആൻഡ് ഗാലക്‌സി (ജി 7) എന്ന മൾട്ടിപ്ലക്‌സിന്റെ ഉടമ മനോജ് ദേശായിയ്ക്കാണ് അക്ഷയ് കുമാർ സഹായം വാഗ്ദാനം ചെയ്തത്. നിലവിൽ ജീവനക്കാരെ പിരിച്ചുവിടാനോ ശമ്പളം വെട്ടിക്കുറയ്ക്കാനോ കഴിയാത്ത അവസ്ഥയാണെന്നും ഈ അവസ്ഥയിൽ നടന്റെ സഹായം വലിയ ആശ്വാസമാകുമെന്നും തീയേറ്റർ ഉടമ പറയുന്നു. അക്ഷയ്‌‌ കുമാർ കൊവിഡ് പ്രതിരോധ-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 കോടി രൂപ കൈമാറിയിരുന്നു. ഇതോടൊപ്പം മുംബയിലെ ആരോഗ്യപ്രവർത്തകർക്ക് മെഡിക്കൽ കിറ്റുകൾ അടക്കമുള്ള അവശ്യവസ്തുക്കൾ എത്തിച്ചു നല്‍കുന്നതിലും താരം മുൻപന്തിയിലുണ്ടായിരുന്നു.