കൊല്ലം: ലോക്ക് ഡൗണിന്റെ തുടക്കത്തിൽ വിലവർദ്ധനവ് തടയാൻ പൊതുവിതരണം, വിജിലൻസ് അടക്കമുള്ള വകുപ്പുകൾ നടത്തിയ പരിശോധനകളുടെ ആവശേം കുറഞ്ഞതോടെ പൊതുവിപണിയിൽ ആവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഒരുമാസത്തിനിടെ മിക്ക ഭക്ഷ്യവസ്തുക്കളുടെയും വില കുത്തനെ ഉയർന്നു.
ഒരു കിലോ ചെറുപയറിന് ഒരുമാസത്തിനിടെ 16 രൂപയാണ് വർദ്ധിച്ചത്. ശർക്കരയ്ക്കും 16 രൂപ കൂടി. സാമ്പാർ പരിപ്പിന് 15 രൂപയും ഉഴുന്ന് പരിപ്പിന് 10 രൂപയും കൂടി. സാധാരണ കൂടുതൽ ഉപഭോഗമില്ലാത്ത ഗ്രീൻ പീസിന്റെ വിലയാണ് ഏറ്റവുമധികം ഉയർന്നത്. 40 രൂപയാണ് ഒരുമാസത്തിനിടെ വർദ്ധിച്ചത്. മുളകിന്റെ വില സ്ഥിരമായി നിൽക്കുമ്പോൾ മല്ലി വില 15 രൂപ ഉയർന്നു.
ഇനം ലോക്ക് ഡൗണിന് മുമ്പുള്ള വില ഇപ്പോഴത്തെ വില
അരി: 37 -38 (ജയ സെവൻ സ്റ്റാർ)
ചെറുപയർ: 118 -134
ശർക്കര: 48- 64
പാം ഓയിൽ: 80- 90
സാമ്പാർ പരിപ്പ്: 70- 85
ഉഴുന്ന് പരിപ്പ്: 110- 120
ഗ്രീൻ പീസ്: 120 -160
മല്ലി: 80- 95
വൻ പയർ: 70 -80
പച്ചരി: 30 -32
സവാള, കൊച്ചുള്ളി വില ഇടിഞ്ഞു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് തുടങ്ങിയതോടെ ഉള്ളിയുടെയും സവാളയുടെയും വില കുത്തനെ ഇടിഞ്ഞു. ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ കൃത്രിമമായി വില ഉയർത്തി 90 രൂപയ്ക്ക് വരെ സവാള വിറ്റിരുന്നു. ഇപ്പോൾ വില 22 ആയി ഇടിഞ്ഞു. സവാള വില ഒരുമാസം മുമ്പുള്ള 65ൽ നിന്നും 50 ആയി താഴ്ന്നു. പഞ്ചസാര വില 42 ൽ നിന്നും 40 ആയി താഴ്ന്നു.