കൊല്ലം: കുളത്തൂപ്പുഴ, ആര്യങ്കാവ് മേഖലകളിലുള്ളവരുടെ കാട്ടുവഴികളിലൂടെ തമിഴ്നാട്ടിലേക്കുള്ള സഞ്ചാരം തടയാൻ പരിശോധന കർശനമാക്കി. മന്ത്രി കെ. രാജുവിന്റെ നിർദ്ദേശ പ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കാടിന് പുറത്ത് പൊലീസിന്റെ പ്രത്യേക നിരീക്ഷണമുണ്ട്. കുളത്തൂപ്പുഴ, ആര്യങ്കാവ് മേഖലകളിൽ പ്രത്യേക പൊലീസ് സേനയെ നിയോഗിച്ചു.
പുളിയംകുടിയിൽ കൊവിഡ് സമൂഹ വ്യാപന സാഹചര്യത്തിലേക്ക് എത്തിയതോടെ കാട്ടുവഴികളിലൂടെ സഞ്ചരിച്ചവർക്കും രോഗം പടർന്നിരിക്കുമോയെന്ന ആശങ്കയുണ്ട്. വാഹനങ്ങൾ കടന്നുപോകാത്ത വഴികളിലൂടെയാണ് ആർ.പി.എൽ തൊഴിലാളികൾ ഉൾപ്പെടെ തമിഴ്നാട്ടിലേക്ക് സഞ്ചരിക്കാറുള്ളത്. തമിഴ്നാട്ടിലാണ് ഇവരുടെ ബന്ധുക്കളിൽ അധികവും. കഴിഞ്ഞ ദിവസങ്ങളിൽ കാനനപാതകളിൽ വലിയ പരിശോധന ഉണ്ടായിരുന്നില്ല. അതിനാൽ വിവിധ ആവശ്യങ്ങൾക്ക് തമിഴ്നാട്ടിലേക്ക് പോയവർ രോഗ ബാധിതരുമായി സമ്പർക്കം നടത്തിയിട്ടുണ്ടെങ്കിൽ കുളത്തൂപ്പുഴ, ആര്യങ്കാവ് മേഖലകളിൽ രോഗവ്യാപനത്തിന് സാദ്ധ്യതയുണ്ട്. കോളനികളിലും മറ്റും രോഗ ലക്ഷണങ്ങൾ ഉള്ളവരെ അപ്പോൾത്തന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റാനാണ് തീരുമാനം. അടുത്ത സമയത്ത് പുളിയംകുടിയിൽ പോയിട്ടുള്ളവരെ കർശന നിരീക്ഷണത്തിലാക്കും.
കഴുതുരുട്ടി പാലത്തിൽ പരിശോധന സ്ട്രിക്ട്...
തമിഴ്നാട്ടിലേക്കും തിരിച്ചും ചരക്ക് വാഹനങ്ങളിൽ കയറിയുള്ള യാത്രയ്ക്ക് തടയിടാൻ കഴുതുരുട്ടിയിൽ കർശന പരിശോധനയ്ക്ക് ടീമിനെ നിയോഗിച്ചു. ഇവിടെ പാലമുള്ളതിനാൽ വാഹനത്തിലോ നടന്നോ ഇപ്പുറത്തെത്തിയാൽ പൊലീസിന് കണ്ടെത്താം. ചരക്ക് വാഹന ജീവനക്കാരിൽ ജില്ലയിലേക്ക് വരുന്നവർക്ക് മഞ്ഞ കാർഡും പുറത്തേക്കുള്ളവർക്ക് പിങ്ക് കാർഡും നൽകിയിട്ടുണ്ട്. ഡ്രൈവറുടെയും ക്ളീനറുടെയും പേര് വിവരങ്ങൾ ഇതിലുണ്ടാകും. ഇതിൽ കൂടുതലായി ആരെങ്കിലും വാഹനത്തിലുണ്ടെങ്കിൽ കസ്റ്റഡിയിലെടുക്കും.
........................................
വനത്തിലൂടെ അതിർത്തികടന്നുള്ള ജനങ്ങളുടെ സഞ്ചാരം തടയാൻ
റോസ്മല പാതയിൽ ബാരിക്കേഡ് സ്ഥാപിച്ചു. വനപാലകരുടെ നേതൃത്വത്തിൽ 24 മ ണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തിയിലെ കോട്ടവാസൽ ചെക്ക് പോസ്റ്റിനോട് ചേർന്ന കരിമ്പിൻതോട്ടത്തിലേക്ക് പോകുന്ന സമാന്തര പാതയിൽ കഴിഞ്ഞ ആഴ്ചയിൽ ബാരിക്കേഡ് സ്ഥാപിച്ച് പരിശോധനകൾ നടത്തുകയാണ്. അതിർത്തിയിലെ വനമേഖലകളിലൂടെയുള്ള റെയിൽവേ ട്രാക്കുകളിൽ പരിശേധന നടത്താൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. വനപാതയിലൂടെയും ട്രെയിൽവേ ട്രാക്കിലൂടെയും ജനങ്ങൾ കടന്നുപോകാനുളള എല്ലാ പഴുതുകളും അടച്ചു.
സുനിൽ ബാബു, തെന്മല ഡി.എഫ്.ഒ
.........................................................
'തമിഴ് നാട്ടിൽ നിന്ന് കൊല്ലം ജില്ലയിലേക്കും തിരിച്ചും ആളുകൾ ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നത് തടയാൻ കർശന നടപടി സ്വീകരിച്ചു"
റൂറൽ എസ്.പി ഹരിശങ്കർ