
കൊട്ടാരക്കര: ആര്യങ്കാവിലും കുളത്തൂപ്പുഴയിലും പരിശോധനകൾ കർശനമാക്കി
റൂറൽ പൊലീസ്. അതിർത്തി പ്രദേശങ്ങളിൽ രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് പുനലൂർ താലൂക്കിലെ കുളത്തൂപ്പുഴ, തെന്മല ആര്യങ്കാവ് പഞ്ചായത്തുകളിൽ ഡബിൾ കളർ ഡബിൾ ലോക്ക് പരിശോധനയാണ് നടത്തുന്നത്.
അതിർത്തികൾ പൂർണമായും നിരീക്ഷിക്കുന്നതിനും പ്രധാന റോഡുകളും ഇടറോഡുകളും അടച്ച് യാത്രക്കാരെ നിയന്ത്രിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വകുപ്പുകൾ ഒഴികെമറ്റ് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുവാൻ പാടില്ല. ചരക്ക് ഗതാഗതത്തിന് തടസം ഉണ്ടാകില്ല.
അവശ്യസേവന മേഖലകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയും ബാങ്ക് ഇടപാടുകൾ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും പ്രവർത്തിക്കാം. ആര്യങ്കാവ് അതിർത്തിയിലും പരിസര പ്രദേശങ്ങളായ തെങ്കാശിയിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ഡബിൾ കളർ ഡബിൾ ലോക്ക് പരിശോധന കർശനമാക്കാൻ എല്ലാ എസ്.എച്ച്.ഒമാർക്കും നിർദ്ദേശം നൽകി.
പൊലീസ് നിയന്ത്രണങ്ങൾ ഇങ്ങനെ...
1. ഗവ. ഉത്തരവ് പ്രകാരമുളള രേഖകൾ പരിശോധിച്ചുമാത്രമേ അന്തർ സംസ്ഥാന വാഹനങ്ങൾ കടത്തിവിടൂ.
2. സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന വാഹനത്തിന് പിങ്ക് ബോർഡർ പാസ് നൽകും.
3.പാസിന്റെ സീരിയൽ നമ്പർ, വാഹന രജിസ്ട്രേഷൻ നമ്പർ, തീയതി, സമയം, ജീവനക്കാരുടെ വിവരം എന്നിവ പ്രത്യേകം രജിസ്റ്ററിൽ എഴുതി സൂക്ഷിക്കും
4. ട്രക്കുകൾ തിരികെ വരുമ്പോൾ അതേ യാത്രക്കാരാണ് വാഹനത്തിലുളളതെന്ന് പാസ് ക്രോസ് ചെക്ക് ചെയ്ത് ഉറപ്പുവരുത്തും
5. സംസ്ഥാനത്തേക്ക് വരുന്ന വാഹനങ്ങൾക്ക് മഞ്ഞനിറത്തിലുളള ബോർഡർ പാസ് നൽകും.
6. റെയിൽവേ തുരങ്കത്തിൽ ലോക്കൽ പൊലീസിന്റെയോ, റെയിൽവെ പൊലീസിന്റെയോ വനവകുപ്പിന്റെയും സാന്നിദ്ധ്യം ഉറപ്പുവരുത്തും.
7. പുനലൂർ ഡി.വൈ.എസ്.പി രണ്ട് ദിവസത്തിലൊരിക്കൽ ഈ രജിസ്റ്റർ വെരിഫൈ ചെയ്യും.