നീണ്ടകര: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മത്സ്യ ബന്ധനത്തിന് പോയ 3 വള്ളങ്ങളിലെ 55 മത്സ്യതൊഴിലാളികളെ കോസ്റ്റൽ പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ നിശ്ചയിച്ച 25 എച്ച്.പി. എൻജിൻ, 15 മത്സ്യതൊഴിലാളികൾ, ഫിഷറീസിന്റെ അംഗീകൃത പാസ് എന്നീ മാനദണ്ഡങ്ങൾ പാലിക്കാതെ ബുധനാഴ്ച പുലർച്ചെ പുത്തൻ തുറയിൽ നിന്ന് 28 മത്സ്യതൊഴിലാളികളുമായി പോയ 'ഉണ്ണിക്കുട്ടൻ" എന്ന വള്ളത്തെ അഴിമുഖത്തിന് സമീപത്തും 9 തൊഴിലാളികളുമായി മൈനാകം എന്ന വള്ളവും 18 മത്സ്യ തൊഴിലാളികളുമായി സെന്റ് ആന്റണി വള്ളവുമാണ് കസ്റ്റഡിയിലെടുത്തത്.
ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിനിന് ഇവരുടെ പേരിൽ കേസെടുത്തു. ക്ഷേമനിധി റദ്ദാക്കുമെന്നും കോസ്റ്റൽ പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് ഇവരെ പിടികൂടിയത്. കോസ്റ്റൽ പൊലീസ് സി.ഐ എസ്. ഷെരീഫ്, എസ്.ഐ എ. നാസർ കുട്ടി, സി. ഭുവനദാസ്, അബ്ദുൾ മജീദ്, സജയൻ, എ. ജോയി, ഉണ്ണുണ്ണി തോമസ്, ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടന്നത്. വരും ദിവസങ്ങളിലും തിെച്ചിൽ ശക്തമാക്കുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.
ബോട്ടുകൾ അളവ് പരീക്ഷ പാസാകണം
കൊല്ലം: കടലിൽ ഇറങ്ങും മുമ്പ് ബോട്ടുകളുടെ നീളം പരിശോധിക്കൽ നടപടി ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ കർശനമാക്കി. 32 അടി നീളമുള്ള ബോട്ടുകൾക്കാണ് കടലിൽ പോകാൻ അനുമതി നൽകിയത്. എന്നാൽ കൂടുതൽ നീളമുള്ള ബോട്ടുകളും കണ്ണ് വെട്ടിച്ച് കടക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ഇന്നലെ മുതൽ പരിശോധന കർശനമാക്കിയത്.
ചൊവ്വാഴ്ച 72 ബോട്ടുകൾ കടലിൽ പോയിരുന്നു. ഉദ്യോഗസ്ഥർ അളവെടുപ്പ് തുടങ്ങിയതോടെ ഇന്നലെ 21 ബോട്ടുകൾ മാത്രമാണ് പോയത്. 25 എച്ച്.പി യിൽ താഴെ ശേഷിയുള്ള ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച 45 വള്ളങ്ങൾ പോയി. 12 ൽ കുടുതൽ തൊഴിലാളി കൾ പോയ ഒരു വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.
നീണ്ടകരയിൽ 21 ടൺ കരിച്ചാള
നീണ്ടകരയിൽ ഇന്നലെ വള്ളങ്ങൾ 21 ടൺ കരിച്ചാള എത്തിച്ചു. 467 കിലോ ചൂരയും 146 കിലോ പാലയും കിട്ടി. ശക്തികുളങ്ങരയിൽ വിവിധ ഇനങ്ങളിലുള്ള 3533 കിലോ മത്സ്യം ലഭിച്ചു.