പുനലൂർ: തമിഴ്നാട്ടിൽ കൊവിഡ് 19 വ്യാപകമായതിനാലും ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് മൂലവും അതിർത്തിയിലെ കോട്ടവാസൽ, ആര്യങ്കാവ് ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കണമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽനാസർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത് കണക്കിലെടുത്ത് ഇന്നലെ ഉച്ചയ്ക്ക് അതിർത്തിയിലെ ആര്യങ്കാവ് പൊലീസ്ഔട്ട് പോസ്റ്റും കോട്ടവാസൽ ചെക്ക്പോസ്റ്റും നേരിൽ കണ്ട് വിലയിരുത്തിയ ശേഷമാണ് കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. അതിർത്തിയിലെ വനപാത വഴിയും ഊടുവഴികളിലൂടെയും തമിഴ്നാട്ടിലേക്കും തിരിച്ചും ആരും കടന്ന് പോകാതിരിക്കാൻ 24 മണിക്കൂറും നിരീക്ഷണം കർശനമാക്കണം. അതിർത്തിയിലെ തെങ്കാശി, പുളിയൻകുടി തുടങ്ങിയ സ്ഥലങ്ങളിൽ കൊവിഡ് വൈറസ് വ്യാപകമായി പടർന്ന് പിടിച്ചിരിക്കുകയാണ്. പച്ചക്കറി അടക്കമുളള ഭക്ഷ്യധാന്യങ്ങൾ കയറ്റിയെത്തുന്ന വാഹനങ്ങൾ മാത്രമേ ആര്യങ്കാവിലെ ചെക്ക്പോസ്റ്റുകളിൽ കടത്തി വിടുകയുള്ളൂ. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, തെന്മല ഡി.എഫ്.ഒ സുനിൽ ബാബു,പുനലൂർ തഹസിൽദാർ ജി. നിമ്മൽകുമാർ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് , ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവർ ആര്യങ്കാവിലെ സന്ദർശനത്തിൽ ജില്ലാ കളക്ടർക്കൊപ്പമുണ്ടായിരുന്നു.