sambasivan
വി.സാംബശിവൻ

കൊല്ലം: കാഥിക സാമ്രാട്ട് വി.സാംബശിവന്റെ ഓർമ്മകൾക്ക് ഇന്ന് 24 വയസ്. 48 വർഷം, 60 ഓളം കഥകൾ, 15000 ലധികം വേദികൾ. വിശ്വസാഹിത്യത്തിലെ സുപ്രധാന കഥകൾ സാധാരണക്കാർക്ക് പോലും ഗ്രഹിക്കാവുന്നവിധം പാകപ്പെടുത്തിയെന്നതാണ് അദ്ദേഹത്തിന്റ സവിശേഷത. ഒരു ഓണക്കാലത്ത് ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ മൈക്കില്ലാതെ പെട്രോമാക്‌സ് വെളിച്ചത്തിൽ ചങ്ങമ്പുഴയുടെ ‘ദേവത’യായിരുന്നു ആദ്യം അവതരിപ്പിച്ച കഥ. ഞാൻ കഥ പറയാം, പകരം പണം തന്നു സഹായിക്കണം, പഠിക്കാൻ വേണ്ടിയാണെന്ന ആമുഖത്തോടെ സാംബശിവൻ പറഞ്ഞ കഥ കേട്ടവരുടെ മനസിൽ തട്ടി. പിന്നീടങ്ങോട്ട് ആയിരക്കണക്കിന് വേദികൾ അദ്ദേഹത്തെ തേടിയെത്തി.

1929 ജൂലൈ 4 ന് കൊല്ലം ചവറയിൽ വേലായുധന്റെയും ശാരദയുടെയും മൂത്തമകനായി ജനനം. ചവറ സൗത്ത് ഗവ. ഹൈസ്‌കൂൾ, യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ശ്രീനാരായണ കോളേജിൽ നിന്ന് ബി. എ ഒന്നാംക്ലാസോടെ പാസായി. കെ.എസ്.എഫിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു.

1963-ൽ ലിയോ ടോൾസ്റ്റോയിയുടെ ‘ദ പവർ ഓഫ് ഡാർക്ക്നസ് ‘ നാടകം ‘അനീസ്യ’ എന്ന കഥയായി അവതരിപ്പിച്ചതാണ് വഴിത്തിരിവായത്. ടോൾസ്റ്റോയിയുടെ 'അന്നാ കരേനീനയും, ദസ്തയോവ്സ്കിയുടെ കുറ്റവും ശിക്ഷയും, കരമസോവ് സഹോദരൻമാർ, പേൾ എസ്. ബക്കിന്റെ 'നല്ല ഭൂമി', വാൻഡ വാസില്യൂവ്സികയുടെ 'റെയിൻബോ' എന്നീ വിശ്വസാഹിത്യകൃതികൾ സാംബശിവനിലൂടെ മലയാളികൾ ആസ്വദിച്ചു. 'ഇരുപതാം നൂറ്റാണ്ട് "കഥ പറഞ്ഞതിന് അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. 1996 ഏപ്രിൽ 25 ന് 67-ാം വയസിൽ അന്തരിക്കും വരെയും ആ കലാസപര്യ തുടർന്നു. മകൻ ഡോ. വസന്തകുമാർ സാംബശിവൻ കഥാപ്രസംഗവേദിയിലൂടെ ആ പാരമ്പര്യം കാക്കുന്നു. സുഭദ്ര‌യാണ് ഭാര്യ.