ചാത്തന്നൂർ: കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനായി ഇന്നലെ ചാത്തന്നൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത് നൂറ് കണക്കിനാളുകൾ. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെ ജനങ്ങൾ എത്തിയത് അധികൃതരെ പ്രതിരോധത്തിലാക്കി.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഒന്നര മാസത്തോളമായി പ്രതിരോധ കുത്തിവയ്പ് മുടങ്ങിയിരിക്കുകയായിരുന്നു. ചാത്തന്നൂർ പഞ്ചായത്തിലെ ഏതാനും തിരഞ്ഞെടുത്ത വാർഡുകളിൽ നിന്നുള്ളവർ മാത്രം ഇന്നലെ എത്തിച്ചേരണമെന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ സമീപ പഞ്ചായത്തുകളായ ചിറക്കര, കല്ലുവാതുക്കൽ എന്നിവിടങ്ങളിൽ നിന്നും നിരവധി പേർ കുട്ടികളുമായെത്തിയത് തിരക്കിന് കാരണമായി.
കേന്ദ്രത്തിൽ എത്തിയവരെ സാമൂഹ്യ അകലം പാലിച്ച് നിർത്താൻ ആരോഗ്യ ജീവനക്കാർക്ക് നന്നേ പാടുപെടേണ്ടി വന്നു. അകലം പാലിക്കാൻ നിരന്തരം നിർദ്ദേശം നൽകിയെങ്കിലും പലരും പാലിച്ചില്ല. തുടർന്ന് അമ്മയെയും കുഞ്ഞിനെയും മാത്രം ആശുപത്രി വളപ്പിൽ നിറുത്തി മറ്റുള്ളവരെ ഗേറ്റിന് പുറത്തേക്ക് മാറ്റി. ഉച്ചയ്ക്ക് ഒരു മണി വരെ കുത്തിവയ്പ് എടുത്ത ശേഷം മറ്റുള്ളവർക്ക് മറ്റൊരു ദിവസം എത്തിച്ചേരാൻ സമയം നൽകുകയായിരുന്നു.