jyothirmayi

ലോക്ക്‌ഡൗൺ കാലം മൊട്ടചലഞ്ചിന്റെ കാലം കൂടിയാണ്. പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്ന പലരും തലമൊട്ടയടിച്ച സ്ഥിതിയിലാണ്. പൊള്ളുന്ന വേനൽച്ചൂടിൽ മൊട്ടയടിക്കൽ പലർക്കും ഒരു ആശ്വാസം തന്നെയാണ്. സെലിബ്രിറ്റികൾ അടക്കം നിരവധി പേർ മൊട്ടയടിച്ചവരുടെ ലിസ്റ്റിലുണ്ട്.. ഇപ്പോഴിതാ, നടി ജ്യോതിർമയിയും തല മൊട്ടയടിച്ചിരിക്കുകയാണ്. ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന ജ്യോതിർമയിയുടെ പുതിയ രൂപം ആളുകൾ ആശ്ചര്യത്തോടെയാണ് കാണുന്നത്. ജ്യോതിർമയിയുടെ ഭർത്താവ് സംവിധായകൻ അമൽ നീരദാണ് ഭാര്യയുടെ പുതിയ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. "തമസോമ ജ്യോതിർഗമയ" എന്നാണ് ചിത്രത്തിന് അമൽ നീരദ് നല്‍കിയ അടിക്കുറിപ്പ്.

വ്യക്തിപരമായ ചിത്രങ്ങൾ അധികം പങ്കുവയ്ക്കാത്ത ഈ താരകുടുംബത്തിന്റെ ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഫോട്ടോയെക്കുറിച്ച് കമന്റിടുന്നതിനെക്കാൾ അമലിന്റെ വരാനിരിക്കുന്ന ചിത്രമായ ബിലാൽ 2വിനെക്കുറിച്ചാണ് ആളുകൾക്ക് അറിയേണ്ടത്.

നടൻ ഇന്ദ്രജിത്തും ലോക്ക്‌ഡൗൺ കാലത്ത് തല മൊട്ടയടിച്ച വിശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 2015 ഏപ്രിലിൽ ആയിരുന്നു അമൽ നീരദും ജ്യോതിർമയിയും തമ്മിലുള്ള വിവാഹം. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞശേഷം ജ്യോതിർമയി സിനിമയിൽ മടങ്ങിയെത്തിയില്ല. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായി നിന്ന താരമാണ് ജ്യോതിർമയി.