കൊല്ലം: കൊവിഡ് ഭീതിക്ക് പിന്നാലെ ജില്ലയിൽ ഡെങ്കിപ്പനിയും പടരുന്നു. പനി ബാധിച്ച് ചികിത്സ തേടിയ അഞ്ച് പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. അഞ്ചൽ ഏരൂരിൽ ഒരാൾക്കും തെന്മലയിൽ രണ്ട് പേർക്കും ഇന്നലെ കൊല്ലം വാടിയിൽ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ രോഗവ്യാപനത്തിനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ വകുപ്പ് സജീവമാക്കി. കൊതുക് വളരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒരുക്കുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസിന്റെ കൂടി അടിസ്ഥാനത്തിൽ കേസെടുക്കുന്ന കാര്യം പരിഗണനയിലാണ്.
ഒരു മാസമായി റബർ തോട്ടങ്ങളിൽ ടാപ്പിംഗ് നടക്കുന്നില്ല. വേനൽമഴയിൽ ചിരട്ടയിൽ തങ്ങിയ വെള്ളം തോട്ടങ്ങളിൽ കൊതുക് വളരാൻ ഇടയാക്കിയെന്നാണ് കരുതുന്നത്. കിഴക്കൻ മേഖലയ്ക്കൊപ്പം കൊല്ലം നഗരത്തിൽ കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ക്രിയാത്മകമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹായവും ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തുന്നുണ്ട്.