കൊല്ലം: ബാറ്ററി കട തുറക്കാൻ തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് കൊല്ലത്ത് മടങ്ങിയെത്തിയ യുവാവിനെ കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ആണ്ടാമുക്കത്ത് ബാക്ടറി കട നടത്തുന്നതും താമരക്കുളത്ത് വാടകയ്ക്ക് താമസിക്കുന്നയാളുമായ യുവാവിനെയാണ് നിരീക്ഷണത്തിലാക്കിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കടകൾ തുറക്കാൻ അനുമതിയായിയെന്ന് പറഞ്ഞ് ഉപഭോക്താക്കളിൽ ചിലർ വിളിച്ച് വരുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി താമരക്കുളത്തെ വീട്ടിൽ എത്തിയതോടെ അയൽവാസികൾ നഗരസഭാ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചു. തുടർന്ന് പൊലീസും ആരോഗ്യവിഭാഗവും സംയുക്തമായി കരിക്കോട്ടെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കുകയായിരുന്നു. തെങ്കാശിയിൽ നിന്ന് പച്ചക്കറി ലോറിയിലാണ് ഇയാൾ കേരളത്തിലേക്ക് വന്നത്. ആദ്യം തെങ്കാശിയിൽ പോയില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിന്നീട് സത്യം വെളിപ്പെടുത്തി. നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല.