കൊല്ലം: തൃക്കടവൂരിൽ പച്ചക്കറി കൃഷി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. തൃക്കടവൂർ വയയ്ക്കൽ താഴതിൽ ഭാഗത്ത് കൃഷി വകുപ്പിന്റെ 'ജീവനി' പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശത്തെ ഏഴ് കുടുംബങ്ങൾ സഹകരിച്ച് നടത്തിവന്ന പച്ചക്കറി കൃഷിയാണ് കഴിഞ്ഞ രാത്രി നശിപ്പിക്കപ്പെട്ടത്. ഇരുമ്പ് വല കൊണ്ടുള്ള വേലി തകർത്ത് ഉള്ളിൽ പ്രവേശിച്ച് വിളവെടുപ്പിന് സജ്ജമായിരുന്ന ചീര, വഴുതന, വെണ്ട മുതലായവ അപഹരിക്കുകയും വിളകൾ പിഴുത് നശിപ്പിക്കുകയും ചെയ്തു. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൂട്ടായ്മ കുടുംബങ്ങൾ ആവശ്യപ്പെട്ടു. വാർഡ് കൗൺസിലർമാരായ സന്തോഷ്, പ്രശാന്ത് എന്നിവർ സ്ഥലത്തെത്തി. അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി.