കൊല്ലം: വാടകയ്ക്ക് വീടെടുത്ത് ചാരായം വാറ്റി വില്പന നടത്തിവന്ന എൻജിനീയറിംഗ് വിദ്യാർത്ഥിയും കൂട്ടാളിയും പിടിയിൽ. പൂതക്കുളം ഈഴംവിള വിജ്ഞാന പോഷിണി ക്ലബിനു സമീപത്തെ വീട്ടിൽ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് 90 ലിറ്ററോളം കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ഇടവ ഹസിം മൻസിലിൽ നൗഫൽ (21), ഇയാളുടെ കൂട്ടാളി ഇടവ പാലവിള വീട്ടിൽ സത്യബാബു (54) എന്നിവരാണ് അറസ്റ്റിലായത്. നൗഫലും കുടുംബവും മൂന്ന് ആഴ്ചയായി ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇവിടെ തയ്യാറാക്കുന്ന വ്യാജമദ്യം സത്യബാബു വർക്കലയിലും പരിസരപ്രദേശങ്ങളിലും ആവശ്യക്കാർക്ക് എത്തിച്ച് നൽകുകയായിരുന്നു.
ഊന്നിൻ മൂട്, പൂതക്കുളം മേഖലയിൽ വ്യാപകമായി വ്യാജമദ്യം ലഭിക്കുന്നുണ്ടെന്ന് കൊല്ലം കമ്മിഷണർക്ക് ലഭിച്ച പരാതിയെ തുടർന്ന് ചാത്തന്നൂർ എ.സി.പിയുടെ നിർദ്ദേശ പ്രകാരം പരവൂർ സി.ഐ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്ന് കോടയും വാറ്റുപകരണങ്ങളും കണ്ടെടുക്കുകയും നൗഫൽ പിടിയിലായതും. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടാളിയായ സത്യബാബുവിന്റെ പേര് ലഭ്യമായത്. രാത്രി തന്നെ ഇടവയിലെ വീട്ടിൽ ചെന്ന് പൊലീസ് സത്യബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.