കൊല്ലം: കുളത്തൂപ്പുഴയിൽ കൊവിഡ് രോഗി 36 പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായിട്ടാണ് ഇതുവരെ കണ്ടെത്തിയതെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കി. 36 പേരുടെയും സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചതിൽ 13 പേരുടെ ഫലം ഇന്ന് ലഭിക്കും. അലഞ്ഞ് തിരിയുന്ന സ്വഭാവക്കാരനായതിനാൽ രോഗിയുമായി ഇനിയും കൂടുതൽപേർ ബന്ധപ്പെട്ടിട്ടുണ്ടാകാൻ ഇടയുണ്ടെന്നും കളക്ടർ പറഞ്ഞു.
എന്നാൽ സമൂഹ വ്യാപനത്തിന് സാദ്ധ്യതകളില്ല. കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ളത്. നാളെ ലോക്ക് ഡൗൺ ഇളവുകൾ ജില്ലയിലും ഉണ്ടാകുമെങ്കിലും ഹോട്ട്സ്പോട്ടുകളായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ നിയന്ത്രണങ്ങൾ തുടരും.