cinima

കൊല്ലം : ബിഗ് ബഡ്ജറ്റ് ചിത്രങ്ങളടക്കം കൊവിഡിന്റെ 'രഥയോട്ടത്തിൽ' ചിത്രീകരണം മുടങ്ങി പെട്ടിയിലായതോടെ നട്ടെല്ലൊടിഞ്ഞ് സിനിമാലോകം. കൊവി‌ഡ് നിയന്ത്രണങ്ങൾ കഴിഞ്ഞാലും പ്രതിസന്ധികളിൽ നിന്ന് ഒഴിഞ്ഞ് 'ആക്ഷൻ' പറയാൻ നാളുകളെടുക്കുമെന്നാണ് അറിയുന്നത്.

മോഹൻലാലിന്റെ കുഞ്ഞാലിമരയ്ക്കാറും ഫഹദ് ഫാസിലിന്റെ മാലിക്കും അടക്കം 26 സിനിമകളുടെ ചിത്രീകരണമാണ് നിലച്ചിരിക്കുന്നത്. ഇതോടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരങ്ങൾക്കാണ് കൊവിഡ് പ്രതിസന്ധി ഉയർത്തിയിരിക്കുന്നത്. കുഞ്ഞാലിമരയ്ക്കാർ ചൈനീസ് ഭാഷയിലും ഡബ്ബിംഗ് നടത്തിയിരുന്നു. ചൈനയിൽ സിനിമ റിലീസ് ചെയ്യാൻ കഴിയുമോയെന്നും ആശങ്കയുമുണ്ട്.
ഹോളിവുഡ് സിനിമകളെല്ലാം ഒരു വർഷത്തേയ്ക്ക് റിലീസ് മാറ്റിയതിനാൽ വലിയ സിനിമകളൊക്കെ വേൾഡ് റിലീസ് നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഗൾഫ് രാജ്യങ്ങളിലും പ്രതീക്ഷയില്ല.
ചെറിയ വേഷങ്ങൾ ചെയ്യുന്ന നടന്മാർ, ടെക്‌നീഷ്യന്മാർ, സിനിമയുമായി ബന്ധപ്പെട്ട് കാർപ്പന്റർ വർക്കുചെയ്യുന്നവർ, ലൈറ്റ് ബോയ്‌സ്, സാങ്കേതിക വിദഗ്ദ്ധർ , ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ, പരസ്യം, ഗ്രാഫിക്‌സ്, ഡി.ടി.എസ്, മേക്കപ്പ് മാൻ, അസി. മേക്കപ്പ് മാൻമാർ, അസി. ഡയറക്ടർമാർ തുടങ്ങിയവരടക്കം വീടുകളിൽ ഒതുങ്ങേണ്ടി വന്നു. ആയിരത്തിലേറെ വരുന്ന തീയേറ്റർ ജീവനക്കാരും വിതരണക്കാരുമെല്ലാം പ്രതിസന്ധി പട്ടികയിൽ ഉൾപ്പെടും.

സൂപ്പർ താരങ്ങൾ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. ചില സംവിധായകരും ഈ പട്ടികയിലുണ്ട്. വൻ തുക പ്രതിഫലം നൽകി സിനിമയെടുക്കുന്നത് ഇനി കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. നടന്മാർ മുതൽ തീയേറ്റർ ഉടമകൾ വരെ വിട്ടുവീഴ്ച ചെയ്താലേ മേഖലയിൽ തൊഴിലെടുക്കാനുള്ള സാഹചര്യം തെളിയൂ.വൻ താര നിരയില്ലാത്ത സിനിമയെടുക്കാൾ പോലും കുറഞ്ഞത് മുന്നുകോടി രൂപ വേണം. ചെറുകിടക്കാ‌ർ നിർമ്മാതാക്കൾ പലിശയ്ക്കെടുത്താണ് സിനിമ ചെയ്യുന്നത്. കൊവിഡ് കാരണം നിർമ്മാണം പാതിവഴിയിലായതോടെ പണത്തിന്റെ പലിശ കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പല നിർമ്മാതാക്കളും.