നിപ്പ വൈറസ് വന്നപ്പോൾ നമ്മൾ ഏറെ ഭയന്ന ജീവിയാണ് വവ്വാൽ. കൊറോണക്കാലത്തും വവ്വാൽ ചർച്ചകളിലുണ്ട്. എന്നാൽ നമ്മുടെ രാജ്യത്ത് ഒക്ടോബർ മാസം പകുതിയോടടുക്കുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാന്റിലെ മിമി ഗ്രാമത്തിൽ വിചിത്രമായ ഒരു വിളവെടുപ്പുത്സവം നടക്കാറുണ്ട്. ബോമർ ഗോത്രവർഗത്തിൽപ്പെട്ടവർ ഗ്രാമത്തിലെ ഗുഹകളിലേക്ക് പായുന്നു. വവ്വാലുകളെ പിടിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീകളും പുരുഷൻമാരും ഒരുപോലെ പങ്കെടുക്കുന്ന ഒരു വർഷിക ഉത്സവമാണത്. വവ്വാലുകളെ കൊന്ന് ഇറച്ചിയാക്കി വേവിച്ച് കഴിക്കുന്നു. ചോറിനോടൊപ്പമായിരിക്കും കഴിക്കുക. പുറത്ത് നിന്ന് ഗ്രാമം സന്ദർശിക്കാനെത്തുന്നവർക്കും വവ്വാൽ ഇറച്ചി കൂട്ടി ഒരു സദ്യ വിളമ്പുന്നു. കോഴിയിറച്ചിയും മറ്റുമൊക്കെ വേവിക്കുന്നതുപോലെയാണ് വവ്വാലിറച്ചി വേവിക്കുന്നത്.
വവ്വാൽ ഇറച്ചി വിറകു പുരയിൽ ഉണക്കി പിന്നീടുള്ള ആവശ്യത്തിനായി സൂക്ഷിക്കുകയും ചെയ്യും . ഏറെ ഔഷധഗുണമുള്ളതാണിതെന്ന് ഗ്രാമീണർ വിശ്വസിക്കുന്നു. ഇതുപയോഗിച്ച് ഔഷധ നിർമ്മാണവും പൊടിപൊടിക്കുന്നു. ചൈനക്കാരുടെ വവ്വാലിറച്ചി പ്രിയം പ്രസിദ്ധമാണ്. എന്നാൽ നിപ്പ, കൊറോണ തുടങ്ങിയ വൈറസുകൾ പടർന്നുപിടിച്ച സാഹചര്യത്തിൽ വവ്വാലുകൾ ശ്രദ്ധാകേന്ദ്രങ്ങളായി. അവ വൈറസിനെ വഹിക്കുകയും മനുഷ്യരിലേക്ക് പടർത്തുകയും ചെയ്യുന്നു എന്നാണ് വാദങ്ങൾ.