c
കർഷക വിപണി

 കൈത്താങ്ങായി ഹോർട്ടികോർപ്പും

കൊല്ലം: ലോക്ക് ഡൗണിന്റെ ആദ്യദിനങ്ങളിൽ താളം തെറ്റിയ വി.എഫ്.പി.സി.കെ കർഷക വിപണികൾ ജില്ലയിൽ പ്രതിസന്ധി മറികടന്ന് സജീവമായി. കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ 23 പ്രധാന വിപണികളും 16 സബ് സെന്ററുകളുമാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ ) ഒരുക്കിയിരിക്കുന്നത്.

സർക്കാർ നിർദേശ പ്രകാരം ലേലം ഒഴിവാക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക അകലം പാലിച്ച് ലേലം വിളിക്കാനുള്ള സൗകര്യം ചിലയിടങ്ങളിൽ ഒരുക്കി. ഇതോടെ കർഷകരുടെ ഉത്പന്നങ്ങൾക്ക് കൂടുതൽ വില ലഭിച്ച് തുടങ്ങി. ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ വാഹന സൗകര്യം ഇല്ലാത്തതും ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതുമായിരുന്നു ആദ്യ ദിനങ്ങളിലെ പ്രതിസന്ധി. കാർഷിക ഉത്പന്നങ്ങളുമായി വിപണിയിലേക്ക് പോകുന്ന വാഹനങ്ങൾ പൊലീസ് വഴിയിൽ തടയില്ലെന്ന നില വന്നതോടെ കർഷകരും ആവശ്യക്കാരും കൂടുതലായി വിപണിയിലേക്കെത്തി.

നാടൻ ഉത്പന്നങ്ങളുടെ ആവശ്യം ഏറിയതോടെ കർഷകർ കൊണ്ടുവരുന്ന സാധനങ്ങൾ വിറ്റുപോകുന്ന സ്ഥിതിയുണ്ട്. കർഷകരെ സഹായിക്കാൻ ഹോർട്ടി കോർപ്പും പ്രാദേശിക സംഭരണം ശക്തമാക്കി. വി.എഫ്.പി.സി.കെയുടെ വിപണികളിലെത്തിക്കുന്ന സാധനങ്ങൾ വിറ്റ് പോകാതെ വന്നാലും ഹോർട്ടി കോർപ്പ് ഏറ്റെടുക്കുന്നുണ്ട്. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടുന്ന കർഷകർക്കും വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഹോർട്ടികോർപ്പിനെ ബന്ധപ്പെടാം.

പ്രധാന വിപണികൾ: 23

സബ് സെന്ററുകൾ: 16

കർഷകർക്ക് ലഭിക്കുന്നത് നല്ല വില

ഒരു കിലോ ഏത്തക്കുലയ്ക്ക് 72 മുതൽ 75 രൂപ വരെ കഴിഞ്ഞ ദിവസം വി.എഫ്.പി.സി.കെ വിപണികളിൽ കർഷകർക്ക് ലഭിച്ചു. നാടൻ ഇഞ്ചിക്ക് 190, കാച്ചിൽ 50, ചേന 30, മരച്ചീനി 18 എന്നിങ്ങനെ അദ്ധ്വാനത്തിന് ആനുപാതികമായ വില വിപണികൾ കർഷകർക്ക് ഉറപ്പ് വരുത്തി.

ചെങ്കദളി (കപ്പ) , പൂവൻ കുലകൾക്ക് ആവശ്യക്കാരില്ലാത്തത് പ്രതിസന്ധിയാണ്. റംസാൻ വ്രതാരംഭത്തോടെ ഇതിന് ആവശ്യമേറി വില ലഭിക്കുമെന്നാണ് പ്രതീക്ഷ.

''

പ്രതിസന്ധി കാലത്ത് കർഷകരെ സഹായിക്കുന്ന തരത്തിൽ വി.എഫ്.പി.സി.കെ വിപണികൾ സംസ്ഥാനത്താകെ ഇടപെടുകയാണ്. കർഷകർക്ക് ആശങ്ക വേണ്ട.

വി.എഫ്.പി.സി.കെ

വി.എഫ്.പി.സി.കെ ജില്ലാ മാനേജർ: 94479 88455

മാർക്കറ്റിംഗ് മാനേജർ: 99473 23485

ഹോർട്ടികോർപ്പ് കൊല്ലം: 0474 2548626
ഹോർട്ടികോർപ്പ് ചടയമംഗലം: 0474 2477888