photo
കണ്ണൻ കുട നിർമ്മാണത്തിൽ

കൊല്ലം: കണ്ണന്റെ ജീവിതം ലോക്ക് ഡൗണായിട്ട് കാലം ഏറെയായി. അരയ്ക്ക് താഴെ ചലനമറ്റെങ്കിലും ജീവിതത്തെ മനോബലം കൊണ്ട് തിരിച്ചുപിടിക്കുകയാണ് കൊട്ടാരക്കര പെരുംകുളം സ്വദേശി കണ്ണൻ (32). വീൽചെയറിലിരുന്ന് വരുന്ന മഴക്കാലത്തേക്കുള്ള കുടകളും സ്കൂൾ കുട്ടികൾക്കുള്ള പേപ്പർ പേനയുമൊക്കെ നിർമ്മിച്ചാണ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ജീവിത മാർഗം കണ്ണൻ നെയ്‌തെടുക്കുന്നത്.

2017ൽ പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് സുഷുമ്‌ന നാഡിക്ക് ക്ഷതമേറ്റു. ഏറെനാൾ അനങ്ങാൻ പോലുമാകാതെ കിടക്കയിലായിരുന്നു. ഇപ്പോൾ പരസഹായത്തോടെ വീൽച്ചെയറിൽ ഇരുത്തിയാൽ കൈകൊണ്ട് ജോലികൾ ചെയ്യാമെന്നായി. കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും മുതിർന്നവർക്കുമുള്ള കുടകൾ നിർമ്മിക്കുന്നുണ്ട്. കുട്ടികളുടെ കുടകൾ 240 രൂപയും വലിയ കാലൻകുടകൾക്ക് 700 രൂപവരെയും ലഭിക്കും. മലപ്പുറം, തൃശൂർ ഭാഗങ്ങളിൽ നിന്നാണ് കുട നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നത്. വീൽച്ചെയറിൽ ഇരുന്ന് കണ്ണൻ അവ മനോഹരമായ കുടകളാക്കി മാറ്റും. സുഹൃത്തുക്കളിലൂടെയും ഓൺലൈൻ വഴിയും ഫോണിൽ വിളിച്ചുമാണ് കുടകളുടെ വിപണനം. കൊറിയർ സർവീസ് വഴി ആവശ്യക്കാരന്റെ കൈകളിലെത്തും. ചില വിദ്യാലയങ്ങൾക്കായി കൂടുതൽ കുടകളുടെ ഓർഡറുകൾ കിട്ടാറുണ്ട്.

ഭാര്യ ശില്പയും മക്കളായ ദേവദത്തനും (8) ദേവനന്ദനും (രണ്ടര) അടങ്ങുന്ന കുടുംബം ഇപ്പോൾ കോട്ടാത്തല മൂഴിക്കോട് വയലിൽക്കട ഭാഗത്തെ വാടക വീട്ടിലാണ് താമസം. സ്ഥിരം വിപണന സൗകര്യം ഉണ്ടായാൽ ജോലി ചെയ്യാൻ താനൊരുക്കമാണെന്ന് കണ്ണൻ പറയുന്നു. കുടയും പേനയും ആവശ്യമുള്ളവർക്ക് 9605213313, 8921149491 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ഒരു കുടുംബത്തിന്റെ പട്ടിണിമാറ്റാനുള്ള എളിയ സഹായവുമാണത്.

വിപണനം

 സുഹൃത്തുക്കൾ

 ഓൺലൈൻ

 ഫോൺ കോൾ

(കൊറിയറായും കുടകളെത്തിക്കും)

പേപ്പർ പേനകളും എൽ.ഇ.ഡി ബൾബുകളും

പേപ്പർ പേനകളും എൽ.ഇ.ഡി ബൾബുകളുമൊക്കെ കണ്ണൻ നിർമ്മിച്ച് വിൽപ്പന നടത്തുന്നുണ്ട്. മനോഹരമായ ബഹുവർണ കടലാസിൽ തയ്യാറാക്കുന്ന പേനയ്ക്കുള്ളിൽ ഒരു വിത്തും ഒളിപ്പിച്ച് വയ്ക്കും. ഉപയോഗ ശൂന്യമായ പേന വലിച്ചെറിഞ്ഞാൽ അതിലെ വിത്ത് മുളച്ച് പുതിയൊരു ചെടിയുണ്ടാകും.