കൊല്ലം: കൊല്ലം നഗരത്തിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാൻ കൊട്ടിയത്ത് നിന്ന് ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കുന്ന 33.5 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. വൈദ്യുതി ബോർഡ് ദക്ഷിണ മേഖലാ പ്രസരണ വിഭാഗം ചീഫ് എൻജിനീയർ സമർപ്പിച്ച പദ്ധതിക്കാണ് അനുമതി ലഭിച്ചത്. കൊട്ടിയം മുതൽ കൊല്ലം ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ (ജി.ഐ.എസ്) വരെ 11 കിലോ മീറ്റർ ദൂരത്തിൽ ഭൂഗർഭ തുരങ്കത്തിലൂടെ ഹൈ ഡെൻസിറ്റി പൈപ്പ് കടത്തി അതിനുള്ളിലൂടെ 110 കെ.വി കേബിൾ വഴി വൈദ്യുതി എത്തിക്കുന്നതാണ് പദ്ധതി. ഇതിനായി റോഡിനടിയിൽ രണ്ടുമീറ്റർ താഴ്ചയിൽ ചെറിയ തുരങ്കം നിർമ്മിക്കും. റോഡ് കുഴിക്കുകയോ മരം മുറിക്കുകയോ വേണ്ടിവരില്ല. കൊട്ടിയം സബ് സ്റ്റേഷനിൽ 110 കെ.വി യാർഡും നിർമ്മിക്കും.
ഇടമണിൽ നിന്ന് നേരിട്ട് വൈദ്യുതി എത്തിക്കാം
നിർദ്ദിഷ്ട പദ്ധതി പൂർത്തിയായാൽ അയത്തിൽ സബ് സ്റ്റേഷനിലേക്ക് കൊട്ടിയം വഴി ഇടമൺ 220 കെ.വി സബ് സ്റ്റേഷനിൽ നിന്ന് വൈദ്യുതി നേരിട്ട് എത്തിക്കാനാകും. ഈ വൈദ്യുതി എപ്പോഴെങ്കിലും ലഭിക്കാതായാൽ ഇപ്പോൾ നിലവിൽ വൈദ്യുതി നൽകുന്ന ഓവർ ഹെഡ് 110 കെ.വി ലൈൻ വഴി കുണ്ടറ സബ് സ്റ്റേഷനിൽ നിന്ന് വൈദ്യുതി ലഭിക്കുകയും ചെയ്യും. കൊല്ലം സബ് സ്റ്റേഷനിൽ നിന്ന് അയത്തിൽ സബ് സ്റ്റേഷനിലേക്ക് ഇപ്പോഴുള്ള 110 കെ.വി ഭൂഗർഭ കേബിൾ വഴിയും വൈദ്യുതി എത്തിക്കാനാകും. കുണ്ടറ സബ് സ്റ്റേഷനിൽ നിന്ന് കാലപ്പഴക്കം ചെന്ന ഓവർ ഹെഡ് 110 കെ.വി ലൈനിലൂടെയാണ് ഇപ്പോൾ അയത്തിൽ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഈ ലൈനിന് ഇടയ്ക്കിടെ തകരാറുണ്ടാകാറുണ്ട്. ഇതുമൂലം കൊല്ലം കോർപ്പറേഷൻ പരിധിയിൽ വൈദ്യുതി മുടക്കവും സാധാരണയാണ്.
''
പദ്ധതി നടപ്പാകുന്നതോടെ രണ്ട് എക്സ്ട്രാ ഹൈ ടെൻഷൻ ലൈനിലൂടെ കൊല്ലത്ത് സുസ്ഥിര വൈദ്യുതി ലഭിക്കും. ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാകും. ഭൂഗർഭ കേബിളുകളിലൂടെ വൈദ്യുതി എത്തിക്കുന്നതിനാൽ വൈദ്യുതി മുടക്കവും പ്രസരണ നഷ്ടവും വോൾട്ടേജ് ക്ഷാമവും ഒഴിവാകും.
ആർ.സുകു,
ചീഫ് എൻജിനീയർ (ടി.എസ്),
വൈദ്യുതി ബോർഡ്