covid-19

കൊല്ലം: തമിഴ്നാട്ടിലെ പുളിയംകുടിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് കൊവിഡ് ബാധിച്ച കുളത്തൂപ്പുഴയിലെ യുവാവിന്റെ സമീപവാസിയായ വൃദ്ധയ്ക്കും രോഗം സ്ഥിരീകരിച്ചു.

യുവാവിന്റെ വീട്ടിലെത്തുകയും മുറുക്കാൻ വാങ്ങി ഉപയോഗിക്കുകയും ചെയ്തതാണ് രോഗം പകരാൻ ഇടയാക്കിയതെന്ന് കരുതുന്നു.

യുവാവിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 77 വയസുള്ള വൃദ്ധ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ശാരീരിക അവശതകളുണ്ട്.

വൃദ്ധയുടെ ബന്ധു രോഗം ബാധിച്ച യുവാവിന്റെ വീടിന് തൊട്ടടുത്ത് താമസിക്കുന്നുണ്ട്. അവിടെ വന്നപ്പോൾ യുവാവിന്റെ വീട്ടിലും കയറിയതാകാം. പരിചയമുള്ള വീടുകളിൽ കയറി കുശലാന്വേഷണം നടത്തുന്നതും കുട്ടികളെ ലാളിക്കുന്നതും വൃദ്ധയുടെ ശീലമാണ്. ഇവരുടെ വീട്ടിൽ മകൾ, കൊച്ചുമകൾ, കൊച്ചുമകളുടെ മൂന്ന് വയസുള്ള മകൾ എന്നിവരുണ്ട്. ഇവർ കൊല്ലം ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

രണ്ടര ആഴ്ചയ്ക്കിടയിൽ 13 വീടുകൾ വൃദ്ധ സന്ദർശിച്ചതായാണ് പ്രാഥമിക വിവരം. അഞ്ച് വീടുകളുമായി നിരന്തരം സമ്പർക്കം പുലർത്തി.

തെങ്കാശിയിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് രോഗം ബാധിച്ച യുവാവും കൂടെ ഉണ്ടായിരുന്ന അമ്മാവനും പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ്. അമ്മാവന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്

കുളച്ചലിൽ ഭാര്യയെ കാണാൻ
പോയ യുവാവ് നിരീക്ഷണത്തിൽ

കൊല്ലം: പച്ചക്കറി ലോറിയിൽ കയറി കുളച്ചലിൽ ഭാര്യയെ കാണാൻ പോയ വടക്കേവിള സ്വദേശിയെ നിരീക്ഷണത്തിലാക്കി. 17ന് പോയ യുവാവ് 21നാണ് മടങ്ങിയെത്തിയത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്നാണ് ഇരവിപുരം പൊലീസ് ആരോഗ്യപ്രവർത്തകരുമായെത്തി ചാത്തന്നൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

തെങ്കാശിയിൽ പച്ചക്കറിയെടുക്കാൻ പോയ വടക്കേവിള സ്വദേശികളായ മറ്റ് മൂന്നുപേരെയും നിരീക്ഷണത്തിലാക്കി. രണ്ട് ലോറി ഡ്രൈവർമാരും ലോറി ഉടമയുമാണ് നിരീക്ഷണത്തിലായത്. മൊബൈൽ ഫോൺ ലൊക്കേഷൻ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് യാത്ര സ്ഥിരീകരിച്ചത്.